രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും അതിനേക്കാള്‍ പ്രാധാന്യത്തോടെ തന്റെ ആഡംബര ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ. ജെറ്റ് സ്കീ സവാരി നടത്തുന്ന അദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കൊവിഡ് മൂലം ഇതിനകംതന്നെ ബ്രസീലിൽ 1,56,061-ലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പതിനായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കേയാണ് അദ്ദേഹം അവധിദിന ആഘോഷങ്ങളില്‍ മുഴുകുന്നത്.
പകർച്ചവ്യാധിയോടുള്ള ബോൾസോനാരോയുടെ മനോഭാവത്തെ ആഭ്യന്തരവും അന്തർദേശീയവുമായി വ്യാപകമായി അപലപിക്കപ്പെടുന്നതാണ്. രോഗവ്യാപനം ബ്രസീലിൽ മാരകമായ പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് നിരവധി തെളിവുകള്‍ നിരത്തപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെയാണ് തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബോൾസോനാരോ മുന്നോട്ടു പോകുന്നത്. സ്വന്തം ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകൾ ലംഘിച്ച് ഉല്ലസിച്ച് നടക്കുന്ന അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രസീലില്‍ നിന്നും ഉയരുന്നത്. തുടക്കത്തിൽ 30 അതിഥികളുമായി ഒരു ബാർബിക്യൂ പാര്‍ട്ടിയാണ് അദ്ദേഹം ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ വിമർശനങ്ങൾ കനത്തതോടെ ആ പ്ലാന്‍ ഉപേക്ഷിക്കേണ്ടിവന്നു. അതുകഴിഞ്ഞ് മണിക്കൂറുകൾക്കകം, ബ്രസീലിയയിലെ പരാനോ തടാകത്തിൽ ഒരു ജെറ്റ്-സ്കീ സവാരി നടത്തുകയായിരുന്നു അദ്ദേഹം.
സവാരിയുടെ വീഡിയോ വൈറലായതോടെ അതിനടിയില്‍ ‘10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു. 10,627 പേർ മരിച്ചു’ എന്നാണ് ഇടതുപക്ഷ രാഷ്ട്രീയക്കാരനായ മാർസെലോ ഫ്രീക്സോ ട്വീറ്റ് ചെയ്തത്. ഏപ്രിൽ 28 ന്, രാജ്യത്ത് വൈറസ് മരണം 5,000 കവിഞ്ഞപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഒരു പത്രപ്രവര്‍ത്തകന്‍ ബോൾസോനാരോയോട് ഒരു ചോദ്യം ചോദിച്ചു ‘അതിനെന്താ…? ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്നായിരുന്നു ക്ഷുഭിതനായ അദ്ദേഹം പ്രതികരിച്ചത്.
Leave a Reply