നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടെ യു കെയിലെ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് ആണ് ഭീഷണിയെ കുറിച്ച് അന്വേഷിക്കുന്നത്.
പെണ്‍ക്കുട്ടികള്‍ക്കായുള്ള ബിര്‍മിങ്ങ്ഹാമിലെ എസ്ജ്ബാസ്റ്റണ്‍ സ്‌കൂളിലാണ് മലാല പഠിക്കുന്നത്. അതേസമയം വ്യാജ സന്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന നിഗമനത്തില്‍ വീണ്ടും കുട്ടികളെ ക്ലാസില്‍ കയറ്റി. ഷയര്‍ലാന്റ് കൊളിജിയേറ്റ് അക്കാഡമി, ബ്രിസ്റ്റ്‌നാള്‍ ഹാള്‍ അക്കാഡമി, പെരിഫീല്‍ഡ്‌സ് ഹൈസ്‌കൂള്‍, ഹാള്‍ ഗ്രീന്‍ സെക്കണ്ടറി സ്‌കൂള്‍, ഓള്‍ഡ്ബറി അക്കാഡമി എന്നിവടങ്ങളാണ് ഭീഷണി സന്ദേശം ലഭിച്ച മറ്റ് സ്‌കൂളുകള്‍.
കഴിഞ്ഞായാഴ്ചയും ഇതുപോലുള്ള ബോംബ് ഭീഷണികള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വന്നിരുന്നതായി
അധികൃതര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന ഫോണ്‍കോളുകള്‍ വ്യാജമാണെന്നാണ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് പൊലീസ് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ കോളിന്‍ മാറ്റിസണ്‍ പറയുന്നത്. ഭീഷണി ലഭിച്ച സ്‌കൂളുകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സന്ദേശങ്ങള്‍ നല്‍കിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ ഭീഷണി ഫോണ്‍കോളുകള്‍ നടത്തിയതിന്റെ ഉത്തരവാദിത്തം റഷ്യ ആസ്ഥാനമായുള്ള ട്വിറ്റര്‍ സംഘം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിട്ടുള്ള ഭീഷണിയുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.