ഇനിമുതല്‍ ബ്രിട്ടനിലെ പ്രമുഖ ബോഡിംഗ് സ്‌കുളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ച് ക്ലാസുകളിലെത്താം. റൂട്ട്‌ലാന്റിലെ അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഫ്രൈ, പ്രശസ്ത ഷെഫ് റിക് സ്റ്റെയിന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സ്‌കൂള്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ക്രോസ് ഡ്രസ്സിംഗിന് അനുമതി ചോദിച്ചെത്തുന്ന സ്‌കൂളിലെ ഏതൊരു ആണ്‍കുട്ടിക്കും പോസിറ്റീവ് മറുപടിയാണ് നല്‍കുകയെന്ന് ഹെഡ്ടീച്ചര്‍ അറിയിച്ചു. ലിംഗവ്യത്യാസമില്ലാതെ ഏതു വസ്ത്രവും തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ഏത് വസ്ത്രം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളായിരിക്കണമെന്ന് ഇത്തരം സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കുന്നു.

2016ല്‍ 80 സ്റ്റേറ്റ് സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രോസ് ഡ്രസ്സിംഗ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്. ബ്രൈറ്റണ്‍ കോളേജും ഇത്തരം അധികാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. 170 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ നിയമം പരിഷ്‌കരിച്ചാണ് കോളേജ് ജെന്‍ഡര്‍ ന്യൂട്രെല്‍ ഭേദഗതി കൊണ്ടു വന്നത്. സെന്റ് പോള്‍സ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളുടെ പേരിടാനും അവരുടെ വസ്ത്രധാരണ രീതി പിന്തുടരാനും കഴിയും. അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡേവോണ്‍ കോളേജ് ഹെഡ്ടീച്ചര്‍ ഗാരിയേത്ത് ഡൂഡ്‌സ് രംഗത്ത് വന്നു.

അതേസമയം സ്‌കൂള്‍ പിന്തുടരുന്ന എത്തിക്‌സ് കൂടുതല്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എതിര്‍ ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് കുട്ടികളെ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഡൂഡ്‌സ് പറയുന്നു. 300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡേവോണില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ വസ്ത്രധാരണം ഒരോരുത്തരുടെയും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഉണ്ടാവുന്നതാണെന്ന് കുട്ടികളെ ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.