പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനല്‍വഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാരന്‍. സൗന്ദര്യത്തിന്റെ കതിര്‍മണികളായിരിക്കണം സാഹിത്യമെങ്കില്‍ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങള്‍ ശക്തമായി കത്തിജ്വലിക്കുമ്പോള്‍ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരന്‍ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “കഥാകാരന്റെ കനല്‍വഴികള്‍” ഇരുളടഞ്ഞ താഴ്‌വാരങ്ങള്‍ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയര്‍ന്ന കനല്‍പക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയില്‍ ആവിഷ്‌കരിക്കുന്നതില്‍ എഴുത്തുകാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകള്‍ കൊണ്ട് എഴുത്തിനെ വര്‍ണ്ണാഭമാക്കുവാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗസിദ്ധി ആര്‍ക്കാണ് കാണാതെ പോകുവാനാകുക?
ലക്ഷ്യബോധത്തോടെ നോല്മ്പ് നോല്‍ക്കുന്ന ഒരു വെളിച്ചപ്പാടിനേ കനല്‍ച്ചാട്ടത്തില്‍ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകള്‍ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട് എല്ലാവര്‍ക്കും ആദരണീയയായ “അമ്മ” ആയത്. സങ്കീര്‍ണ്ണവും പ്രക്ഷുബ്ധവുമായ ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊള്ളുന്ന പാതയിലൂടെ യാതൊന്നിനെയും കൂസാതെ മരണത്തെ മുന്നില്‍ കണ്ട് ജീവിതമുഹൂര്‍ത്തങ്ങളിലൂടെ വിജയിച്ചുമുന്നേറുന്ന ഒരു വെളിച്ചപ്പാടിനെയാണ് ഈ സൃഷ്ടിയിലൂടെ നമുക്ക് ദര്‍ശിക്കാനാവുന്നത്. ആ സഹനകഥ സഹജീവികള്‍ക്കുപകരിക്കും വിധം പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥ പ്രശംസനീയം തന്നെ.
സ്വന്തം കിഡ്‌നി ദാനമായി നല്‍കുമ്പോള്‍ അടുത്തുനിന്ന നഴ്‌സിനോട് പറയുന്നു. “ഇത് ആരോടും പറയരുത്, പറഞ്ഞാല്‍ എന്റെ അടുത്ത കിഡ്‌നിയ്ക്കും ആള്‍ക്കാര്‍ വരും”മെന്ന്. ആശങ്കപ്പെടേണ്ട ഈ സാഹചര്യത്തെ എത്ര സരസ്സമായിട്ടാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്. ഒരു നോവലിനേക്കാള്‍, ഒരു സിനിമയേക്കാള്‍ സാഹിത്യത്തിന്റെ മണിമുറ്റത്ത് ഈ ആത്മകഥ താരും തളിരും നിറഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. അതു വായനക്കാരനെ അനുഭൂതി തലത്തില്‍ എത്തിക്കുന്നു. പലപ്പോഴും മനുഷ്യമനസ്സിന്റെ സംഘര്‍ഷങ്ങള്‍ തന്നെയാണ് സാഹിത്യപ്പിറവിയുടെ അടിയൊഴുക്കുകള്‍. മാനവരാശിയ്ക്ക് മനുഷ്യത്വം അല്ലെങ്കില്‍ വിവേകബുദ്ധി നഷ്ടപ്പെടുമ്പോള്‍ അത് തിരിച്ചറിയുന്നവരും തിരുത്തപ്പെടുന്നവരുമാണ് സര്‍ഗ്ഗപ്രതിഭകള്‍. ഇവിടെയും മുറിവേറ്റവന്റെ നീറ്റല്‍ തിരിച്ചറിയുവാനുള്ള മനഃസാക്ഷി എഴുത്തില്‍ മാത്രമല്ല പ്രവൃത്തിയിലും നമുക്ക് കാണിച്ചുതരുന്നു. ഇതു സാഹിത്യലോകത്ത് അസാധാരണമായ ഒരു അനുഭവമാണ്. അതുതന്നെയാണ് ഈ കൃതി ആര്‍ത്തിയോടെ പലവട്ടം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്മ നഷ്ടപ്പെട്ട മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ കൃതി ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ആത്മസാക്ഷാത്കാരത്തിന്റെ ഉള്‍ച്ചൂടു വഹിക്കുന്ന ഈ സൃഷ്ടിയിലൂടെ ഒരു സൂക്ഷ്മസഞ്ചാരം നടത്തുമ്പോള്‍ നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ആത്മാവുമായി സംവദിക്കുന്ന ഒരു മിത്രത്തെയാണ് നാം കണ്ടെത്തുന്നത്. അത്രമേല്‍ ദൃശ്യാത്മകതയാണ് അദ്ദേഹത്തിന്റെ ഭാഷയുടെ വ്യതിരിക്തത. സംഘട്ടനങ്ങള്‍ നിറഞ്ഞ ഓരോ അദ്ധ്യായത്തിലും അനുഭവങ്ങളുടെ ഹൃദയത്തുടിപ്പ് നാം കേള്‍ക്കുന്നു. ആ വികാരങ്ങളുടെ അടിച്ചൂടുതട്ടുമ്പോള്‍ ജീവിതത്തിന്റെ പരിണാമചക്രം എത്ര വിസ്മയകരമാണെന്ന് നാം തിരിച്ചറിയുക കൂടി ചെയ്യുകയാണ്.
ഒരു കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെ വ്യക്തമായി ഈ ആത്മകഥാദര്‍പ്പണത്തിലൂടെ നോക്കിക്കാണാം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതമൂല്യങ്ങള്‍ സ്വാംശീകരിച്ച് പൂര്‍ണ്ണരായ മഹത്‌വ്യക്തികളെ ഗുരുതുല്യരായി കാണുന്നു. ഇതുപോലുള്ള എഴുത്തുകാര്‍ ഇന്നുണ്ടോ? പോരാട്ട ജീവിതത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തിസ്രോതസ്സായി മാറുന്ന ഒട്ടേറെ സന്ദേശങ്ങള്‍ ഈ കൃതിയിലുടനീളം കാണുന്നു.
“ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍” (പേജ് 257) എന്നു പറയുന്നിടത്ത് അനുവാചകനെ സര്‍ഗ്ഗാത്മകതയുടെ ലോകത്തേയ്ക്ക് നയിക്കുന്നു. “പ്രപഞ്ചനാഥന്‍ മണ്ണില്‍ മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി എന്നീ നന്മകള്‍ ചെയ്ത് ജീവിക്കാനാണ്” (പേജ് 264) ഇവിടെ എഴുത്തുകാരന്‍ നമ്മെ സനാതന മൂല്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
“നല്ല നല്ല പുസ്തകങ്ങള്‍ വായിച്ച് അറിവുനേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞുവലിഞ്ഞു മരണത്തിലെത്താം” (പേജ് 264) എന്നതില്‍ വായിച്ചു വിളയേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.
“യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം” (പേജ് 149) ഇത് സഹനത്തിലേയ്ക്കുള്ള വഴികാട്ടല്‍ കൂടിയാണ്. “ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യമനസ്സുകളില്‍ ഇതുപോലെ പൂനിലാവ് പരത്തുന്നവയാണല്ലോ അക്ഷരവും ആത്മാവും” (പേജ് 63) തൂലിക പടവാളിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധമാണെന്ന് അനുഭവസ്ഥനായ ഒരു എഴുത്തുകാരന്‍ ഇവിടെ നമ്മോട് വിളിച്ചോതുന്നു.
“എന്റെ മുന്നില്‍ ദുഃഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്ക് കഴിയുന്നു. എല്ലാ ദുഃഖങ്ങളേയും എനിക്കുള്ളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയവരൊക്കെ പുതുജീവന്‍ പ്രാപിച്ചിട്ടേയുള്ളൂ.” (പേജ് 57) വല്ലായ്മകളില്‍ തളരാതെ ജീവിതത്തിന്റെ സൗന്ദര്യം എത്തിപ്പിടിക്കാനുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുതരുകയാണ്.
ഇങ്ങനെ മഹത്ഗ്രന്ഥങ്ങളിലും മഹത്‌വ്യക്തികളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ള ഉദ്‌ബോധനങ്ങളുടെ ശംഖൊലിയാണ് “കഥാകാരന്റെ കനല്‍വഴികള്‍. ആത്മകഥയുടെ ലോകത്ത് പുതുമ നിറഞ്ഞ ഈ കൃതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിസ്സംശയം പറയാം.
Leave a Reply