രാധാകൃഷ്ണൻ മാഞ്ഞൂർ
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമായി കഴിഞ്ഞ നാളുകളിലുണ്ടായ പ്രളയദുരന്തം കൺമുന്നിൽ ഭീകര ദൃശ്യമായി ഇപ്പോഴുമുണ്ട്.

ഒരു മനുഷ്യായുസ്സിൽ കൂട്ടി വെച്ചതൊക്കെ ഒരു നിമിഷം കൊണ്ട് പ്രകൃതി കവർന്നെടുക്കുകയായിരുന്നു. പ്രളയത്തിൽ സർവ്വതും നഷ്ടമായവർ ആർത്തലച്ചു പെയ്യുന്ന മഴ നോക്കി നിസഹായതയോടെ നിന്നു.

പതിവുപോലെ പ്രളയ ദുരന്ത ചർച്ചകൾ ടിവി ചാനലുകളുടെ റേറ്റിംഗ് വർധിപ്പിച്ചു. വലിയ ബ്രാൻഡഡ് കമ്പനികൾ പരസ്യം തന്ന്  രംഗം കൊഴുപ്പിച്ചു. ശീതീകരിച്ച മുറികളിലിരുന്ന് കരിങ്കൽ ക്വാറി മുതലാളിമാർ, ജിയോളജി വിഭാഗം മേധാവികൾ, രാഷ്ട്രീയനിരീക്ഷകർ വരെ പ്രളയന്തര കാലത്തെ വായിച്ചെടുത്തു. പ്രശ്‌നത്തെ പറ്റി കീറിമുറിച്ചവരാരും പ്രകൃതിക്കുവേണ്ടി സംസാരിച്ചില്ലെന്നതാണ് വാസ്തവം.

വികസനമെന്ന് പേരിട്ട് ഭരണകൂടം നടത്തുന്ന ചില തുഗ്ലക്ക് പരിഷ്‌കാരങ്ങൾ, ആവശ്യത്തിൽ കൂടുതൽ പ്രകൃതിയെ കവർന്നെടുക്കാൻ വെമ്പൽ കൂട്ടുന്ന ആർത്തി പിടിച്ച
ജനത…….. ഈ രണ്ട് റോളുകളും നമ്മൾ തന്നെയാണ് ചെയ്യുന്നത്. ഈ ദർപ്പണത്തിൽ പതിയുന്നത് നമ്മൾ ഓരോരുത്തരുടെയും മുഖങ്ങളാണ്.

കൂറ്റൻ മലനിരകളെ കവർന്നെടുത്ത് ടിപ്പർലോറിയിൽ കയറ്റിവിട്ടും, കരിങ്കൽ ക്വാറി കുഴിച്ച് സിമൻറ് കൊട്ടാരം പണിതും ഉപഭോഗ സംസ്കാരത്തിന് ഭാഗമായി. പുഴ മണൽ കൊണ്ട് തീർത്ത സിമൻറ് കൂടാരത്തിന് ‘അല്ലിമലർ കാവ് ‘ എന്നു പേരിടാനും മറന്നില്ല. (എന്തൊരു പരിസ്ഥിതി സ്നേഹം)

2019-ൽ ഘാനയിൽ (ആഫ്രിക്കൻ രാജ്യം) ജെസിബി നിരോധിച്ചതായി വാർത്ത കണ്ടു. നിരോധനം ആ രാജ്യത്തെ ഇരുബൈര് കടത്തിക്കൊണ്ടു പോകുന്നത് തടയാൻ കൂടിയായിരുന്നു. 2012-ൽ  തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ജെസിബി നിരോധിച്ചു. മണ്ണിൻറെ ഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ യന്ത്രകൈ ഒരു പരിധി വരെ നമ്മുടെ ഭൂമിയെ തകർക്കുന്നു.

കേരളത്തിൽ മഴക്കാലത്തിനു മുൻപ് നമ്മുടെ പൂർവികർ ചെയ്തിരുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. റോഡിനിരുപുറമുള്ള ഓടകൾ മഴക്കാലത്തിനു മുമ്പ് ശുചിയാക്കുമായിരുന്നു. നീരൊഴുക്ക് തടയുന്ന ഒരു പ്രവർത്തിയും അവർ ചെയ്തിരുന്നില്ല.

2017-ൽ ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് അശാസ്ത്രീയമായ ടൗൺപ്ലാനിങ്ങിനെപ്പറ്റി അവർ ബോധവാന്മാരായത്. ചെന്നൈ നഗരത്തിൽ നിരവധി കുളങ്ങൾ ഉണ്ടായിരുന്നു. ഈ കുളങ്ങളിലായിരുന്നു മഴവെള്ളം ശേഖരിച്ചിരുന്നത്. എത്ര മഴ പെയ്താലും നഗരം പ്രളയത്തിൽ ആവാതെ ഈ കുളങ്ങൾ കാത്തുസൂക്ഷിച്ചു. കാലങ്ങൾ കഴിഞ്ഞ് പുതിയ ഭരണാധികാരികൾ ഈ കുളങ്ങൾ മണ്ണിട്ട് മൂടി അതിനുമുകളിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു. അന്ന് തുടങ്ങി വെള്ളപ്പൊക്കം…….

ഓരോ പ്രകൃതിദുരന്തങ്ങളും കടന്നു പോകുമ്പോൾ നാം ഉച്ചരിക്കുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗിലിന്റേത് . വികസനം എന്നാൽ വെറും സമ്പത്തിൻെറ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പരിസ്ഥിതിയെ ഉൾക്കൊണ്ടും പരിഗണിച്ചും മാത്രമേ ചെയ്യാവൂ എന്നാണ് ഗാഡ്ഗിൽ കമ്മീഷൻ പറഞ്ഞത്. വെള്ളത്തിൻറെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു നിർമ്മാണ പ്രക്രിയകളും നടത്താൻ പാടില്ലെന്ന് പറഞ്ഞതിന് ഗാഡ്ഗിലിൻെറ കോലം കത്തിച്ചു നമ്മൾ.

ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർ ചെയ്‌ത്‌ വിശ്രമജീവിതം നയിക്കുന്ന പരിസ്ഥിതി, ഗ്രന്ഥശാല പ്രവർത്തകൻ കൂടിയായ ശ്രീ വി കെ ഹരിദാസ് പെരുവ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു “നാലുവരിപാതയെപ്പറ്റി ചിന്തിക്കുന്ന മലയാളി എന്തുകൊണ്ട് നാലുവരി ഓടയെപ്പറ്റി ചിന്തിക്കുന്നില്ല? തോടും കായലും കെട്ടിയടച്ച്‌ കെട്ടിടങ്ങൾ നിർമ്മിക്കുന്നവരെ സൂപ്പർ ടാക്സ് ഈടാക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. റോഡുകൾ അടക്കമുള്ള ഏതു നിർമ്മിതികളും പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രം നടപ്പാക്കുക.

പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള സാധനങ്ങൾ അന്യൻെറ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന ‘ഗോത്രോ’ സംസ്കാരത്തിൽ നിന്നാണ് നമ്മൾ മാറി തുടരേണ്ടത്. ഓരോ ഗ്രാമത്തിലും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കെൽപ്പുള്ള  സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ച് എടുക്കണം. സ്കൂൾ തലത്തിൽ തന്നെ ഇതുപോലുള്ള മികച്ച കേഡറ്റുകളെ നമുക്ക് കണ്ടെത്താനാവും.

കഴിഞ്ഞദിവസം ദുരന്തമുണ്ടായ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ 3 പാറമടകൾ മാത്രമേ കണക്കുകളിൽ ഉള്ളൂ. (കൃത്യമായി 17 ക്വാറികൾ പ്രവർത്തിക്കുന്നു എന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു)
ബ്യൂറോക്രസിയും ക്വാറിലോബിയുമായുള്ള ‘അന്തർധാര’ ഇതിൽ നിന്നും വളരെ വ്യക്തമാകുന്നു. ഉപഗ്രഹങ്ങൾ കള്ളം പറയാറില്ല…….

ഉപരേഖ
522 പേജുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വലിച്ചുകീറി ഗോഗ്വാ വിളിച്ചപ്പോൾ അറിയുക. പ്രകൃതി മാതാവിൻറെ കണ്ണുനീരാണ് മഴയായി, പ്രളയമായി ഒഴുകിപ്പോയത്.