ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി ജോൺസണും ഒരു പെൺകുട്ടി കൂടി ജനിച്ചു. വ്യാഴാഴ്ച ലണ്ടൻ ഹോസ്പിറ്റലിൽ വച്ചാണ് കാരി ജോൺസൺ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും മകളും സുഖമായിരിക്കുന്നുവെന് എൻഎച്ച്എസ് ടീമിൻറെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നെന്നും ദമ്പതികളുടെ വക്താവ് അറിയിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. 2020ഏപ്രിൽ ആയിരുന്നു ഇവർക്ക് മകൻ വിൽഫ്രഡ് ജനിച്ചത്. ബോറിസ് ജോൺസൺ കൊറോണ വൈറസിനെ തുടർന്നുള്ള തീവ്രപരിചരണ ചികിത്സയിൽനിന്ന് ഡിസ് ചാർജ് ചെയ്‌ത് ആഴ്ചകൾക്ക് ശേഷമായിരുന്നു മകൻ ജനിച്ചത്. ലേബർ പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ കുടുംബത്തിന് ആരോഗ്യവും സന്തോഷവും നേരുന്നതായി അറിയിച്ചു. കഴിഞ്ഞവർഷം ലോക്ക്ഡൗൺ കാലയളവിൽ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പൊതു നിയന്ത്രണങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ തിരിച്ചടികൾ പ്രധാനമന്ത്രി നേരിടുന്നതിനിടയിലാണ് ഈ വാർത്ത.
മകളുടെ ജനനത്തിനുശേഷം കുടുംബവുമായി കുറച്ചുസമയം ബോറിസ് ജോൺസൺ ചിലവഴിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാൽ അദ്ദേഹം തൻെറ ഔദ്യോഗിക കൃത്യനിർവഹണങ്ങൾ നടത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
കാരി ജോൺസൺ ജൂലൈയിൽ ഇൻസ്റ്റഗ്രാമിലൂടെ താൻ ഗർഭിണിയാണെന്ന വാർത്ത പങ്കു വച്ചിരുന്നു . ഇതിന് ഏതാനും മാസങ്ങൾക്കു മുമ്പ് തനിക്ക് ഗർഭമലസൽ ഉണ്ടായതായും അവർ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു റെയിൻബോ ബേബിയെ പ്രതീക്ഷിക്കുന്നതായും വീണ്ടും ഗർഭിണിയായതിൽ താൻ സന്തോഷവതിയാണെന്നും അവർ പോസ്റ്റിൽ രേഖപ്പെടുത്തി. ഗർഭം അലസിയതോ അല്ലെങ്കിൽ നവജാത ശിശുമരണം സംഭവിക്കുകയോ ചെയ്തതിനുശേഷം ജനിക്കുന്ന കുട്ടിയെയാണ് റെയിൻബോ ബേബി എന്ന് വിശേഷിപ്പിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏകദേശം 200 വർഷങ്ങൾക്കുശേഷം അധികാരത്തിലിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പ്രധാനമന്ത്രിമാരിൽ ആദ്യത്തെ ആളാണ് ബോറിസ് ജോൺസൺ. ഇത് ജോൺസൻെറ മൂന്നാമത്തെ വിവാഹമായിരുന്നു. രണ്ടാമത്തെ ഭാര്യയായ മറീന വീലറിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്. ആദ്യഭാര്യയായ അല്ലെഗ്ര മോസ്റ്റിൻ-ഓവനിൽ അദ്ദേഹത്തിന് കുട്ടികളില്ല.
Leave a Reply