വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 വരെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ എത്തില്ല. വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ട്രംപ് സത്യപ്രതിജ്ഞ ചെയ്തശേഷം അമേരിക്കയിലെത്തി ആദ്യം സന്ദര്‍ശനം നടത്തിയ നേതാവാണ് തെരേസ മേയ്. ഈ സന്ദര്‍ശനത്തില്‍ത്തന്നെ യുകെ സന്ദര്‍ശിക്കാന്‍ ട്രംപിനെ മേയ് ക്ഷണിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ പിന്നീട് ട്രംപ് സന്ദര്‍ശനത്തിന് എത്തിയെങ്കിലും ബ്രിട്ടീഷ് സന്ദര്‍ശനം അനിയന്ത്രിതമായി നീളുകയാണ്.

ട്രംപ് സ്റ്റേറ്റ് വിസിറ്റ് ആണോ വര്‍ക്കിംഗ് വിസിറ്റ് ആണോ ബ്രിട്ടനിലേക്ക് നടത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു. വര്‍ക്കിംഗ് വിസിറ്റില്‍ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയോ രാജകീയ ബഹുമതികളോ ഉണ്ടായിരിക്കില്ല. സന്ദര്‍ശനം തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ വിവരം അറിയിക്കുമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. സന്ദര്‍ശനം അടുത്ത വര്‍ഷം ഉണ്ടായേക്കാം എന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് ജനത പിന്തുണക്കുന്നില്ലെങ്കില്‍ ഒരു സ്റ്റേറ്റ് വിസിറ്റുമായി മുന്നോട്ടു നീങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ജൂണില്‍ തെരേസ മേയെ അറിയിച്ചിരുന്നു. ട്രംപ് അധികാരത്തിലേറിയ സമയത്ത് ബ്രിട്ടനിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ട്രംപ് വിരുദ്ധ റാലികള്‍ നടന്നിരുന്നു. ട്രംപ് വിരുദ്ധ വികാരം ബ്രിട്ടീഷ് ജനതയില്‍ പ്രകടമായതിനാല്‍ പ്രതിഷേധങ്ങള്‍ ഭയന്നാണ് സന്ദര്‍ശനം നീളുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.