ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് വാക്‌സിൻ എടുത്തത് ലൈംഗികശേഷികുറവിന് കാരണമായെന്നും അതുവഴി സുഹൃത്തിന്റെ വിവാഹം മുടങ്ങിയെന്നും അമേരിക്കൻ പോപ്പ് ഗായിക നിക്കി മിനാജ്. ചൊവ്വാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്ന നിക്കിയുടെ ട്വീറ്റ്, വലിയ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ട്രിനിഡാഡിലുള്ള തന്റെ ബന്ധുവിന്റെ സുഹൃത്തിന് വാക്സിൻ എടുത്തതിനെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടാണ് നിക്കി വിവരിച്ചിരിക്കുന്നത്. വൃഷണങ്ങൾ വീർത്തുവന്നതായും ഇത് അദ്ദേഹത്തിന്റെ വിവാഹം മുടങ്ങാൻ കാരണമായതായും ട്വീറ്റിൽ പറയുന്നു. ട്വീറ്റിന് പിന്നാലെ യുകെയിലെ ഉന്നത മെഡിക്കൽ ഉപദേഷ്ടാവിൽ നിന്ന് കടുത്ത വിമർശനം ആണ് ഉയർന്നത്. ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിനിടെ നിക്കിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ക്രിസ് വിറ്റി ഇപ്രകാരമാണ് പ്രതികരിച്ചത്; “വാക്സിൻ സംബന്ധിച്ച് നിരവധി മിഥ്യാധാരണകൾ നമ്മുടെ ചുറ്റും നിലനിൽക്കുന്നു. അവയിൽ ചിലത് ഭയപ്പെടുത്താൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അത് അസത്യമാണ്.”
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും നിക്കി തിങ്കളാഴ്ച പറഞ്ഞിരുന്നു. വാക്സീൻ നിരസിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് നിക്കി സുഹൃത്തിന്റെ അനുഭവം ട്വീറ്റ് ചെയ്തത്. നിക്കി മിനാജിന്റെ വർക്കുകൾ തനിക്ക് പരിചയമില്ലെന്നും അതിനേക്കാൾ, വാക്സിൻ സംബന്ധിച്ച സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ ജിപി നിക്കി കാനനിയെയാണ് തനിക്ക് പരിചയമെന്നും പരിഹാസ രൂപേണ ബോറിസ് ജോൺസൻ പറഞ്ഞു.
ജോൺസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ ഒരു ഓഡിയോ ക്ലിപ്പ് നിക്കി പങ്കുവച്ചു. “ഹലോ പ്രധാനമന്ത്രി ബോറിസ്, ഇത് നിക്കി മിനാജ് ആണ്. ഞാൻ യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരിയാണ്. ഞാൻ അവിടെയാണ് ജനിച്ചത്, ഞാൻ അവിടെ ഓക്സ്ഫോർഡിൽ പഠിച്ചു. ഞാൻ മാർഗരറ്റ് താച്ചറിനൊപ്പം സ്കൂളിൽ പോയി, അവൾ നിങ്ങളെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് എന്നെക്കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ എന്റെ പോർട്ട്‌ഫോളിയോയും വർക്കുകളും അയക്കാൻ താല്പര്യപ്പെടുന്നു. ഞാൻ അമേരിക്കയിലെ ഒരു വലിയ താരമാണ്.” വാക്സിൻ സംബന്ധിച്ച് നിരവധി തെറ്റിധാരണകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോപ്പ് ഗായികയുടെ ഈ വിവാദ പരാമർശം.
Leave a Reply