ലണ്ടന്‍: രാജ്യത്ത് താപനില മൈനസ് പത്ത് ഡിഗ്രിയിലും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. 100 മൈലോളം വിസ്തൃതിയില്‍ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്റ്, വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടവിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടനില്‍ ഒരു ഡിഗ്രിയാകും ഏറേറവും കുറഞ്ഞ താപനില. കഴിഞ്ഞ രാത്രിയില്‍ യോര്‍ക്ക്ഷയറിലും ലണ്ടനിലും ചൂട് പൂജ്യം ഡിഗ്രിയിലും താഴെ എത്തി. സ്‌കോട്ട്‌ലന്റില്‍ മൈനസ് എട്ട് ഡിഗ്രി തണുപ്പാണ് രേഖപ്പെടുത്തിയത്. തണുത്ത കാലാവസ്ഥ നാല്‍പ്പത്തെട്ട് മണിക്കൂറിലേറെ നീണ്ട് നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. അന്റ്‌ലാന്റിക്കിലുണ്ടായ അലക്‌സാ കൊടുങ്കാറ്റാണിതിന് കാരണം.

നൂറു മൈല്‍ വിസ്തൃതിയിലുള്ള ഇടനാഴിയിലാണ് മഞ്ഞു വീഴ്ചയ്ക്കു സാധ്യതയുള്ളത്. ഫുട്പാത്തുകളിലും സൈക്കിള്‍ വേകളിലും ഐസ് പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഹിമക്കാറ്റിനും കനത്ത മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.