ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിന പാർട്ടി നടത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസന് പിഴ ചുമത്തി പോലീസ്. 2020 ജൂൺ 19 ന് കാബിനറ്റ് റൂമിൽ നടന്ന ഒത്തുചേരലിൽ പങ്കെടുത്തതിന് പിഴ അടച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ചാൻസലർ ഋഷി സുനക്കിനും പിഴ ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ ഇതേ സംഭവവുമായി ബന്ധപ്പെട്ട് പിഴ അടച്ചതായി സ്ഥിരീകരിച്ചു. ഡൗണിംഗ് സ്ട്രീറ്റിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച് നടത്തിയ അനധികൃത പാർട്ടികൾക്കെതിരെ മെട്രോപൊളിറ്റൻ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പിഴ ചുമത്തിയത്. നിയമം ലംഘിച്ചുവെന്ന കുറ്റത്തിന് പിഴ അടയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ജോൺസൻ.
പോലീസ് അന്വേഷണത്തിന്റെ ഫലത്തെ താൻ പൂർണമായി മാനിക്കുന്നുവെന്നും പൊതുജനങ്ങൾക്ക് ഉണ്ടായ രോഷം മനസിലായെന്നും ജോൺസൻ വ്യക്തമാക്കി. സുനക്കിന്റെ പിഴ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയിൽ അദ്ദേഹം ഉൾപ്പെടെ മുപ്പത് പേർ പങ്കെടുത്തതായി റിപ്പോർട്ട് ഉണ്ട്.
വൈറ്റ്ഹാളിൽ നടന്ന 12 നിയമലംഘന ഒത്തുചേരൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷിക്കുകയാണ്. ഇതുവരെ, 50 തിലധികം പിഴകൾ കൈമാറി. പ്രധാനമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. കൺസർവേറ്റീവുകൾ ഭരിക്കാൻ യോഗ്യരല്ല എന്നതിന്റെ തെളിവാണ് ഈ പിഴകളെന്നും രാജ്യം ഇതിലും മികച്ചത് അർഹിക്കുന്നുവെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. നിയമങ്ങൾ പാലിച്ച ലക്ഷക്കണക്കിന് ആളുകളെ പ്രധാനമന്ത്രിയും ചാൻസലറും അപമാനിച്ചുവെന്ന് എസ്എൻപിയുടെ വെസ്റ്റ്മിൻസ്റ്റർ നേതാവ് ഇയാൻ ബ്ലാക്ക്ഫോർഡ് അഭിപ്രായപ്പെട്ടു.
Leave a Reply