ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

നമ്പർ 11 ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്ക് ശേഷം തന്നെ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു. അതെ, അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു, എന്നാൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല. രോഗലക്ഷണങ്ങൾ തീവ്രമല്ലായിരുന്നു. രാജ്യത്ത് മരണസംഖ്യ ഉയരുമ്പോഴും കോവിഡ് ബാധിതനായ പ്രധാനമന്ത്രിയുടെ  കൈകളിൽ ഭരണചക്രം സുരക്ഷിതമായിരുന്നു.

എന്നാൽ ഏപ്രിൽ രണ്ടോടുകൂടി കാര്യങ്ങൾ തകിടം മറിഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യനില വഷളായി തുടങ്ങി, ശരീരോഷ്മാവ് വർദ്ധിച്ചുവന്നു. ഐസൊലേഷനിൽ നിന്ന് ഉടൻ പുറത്തു വരാം എന്നുള്ള പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, രാജ്യത്തെയും ജനങ്ങളെയും വൈകാരികമായി തളർത്തി കൊണ്ട് ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹത്തിന്റെ രോഗം മൂർച്ഛിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. രോഗബാധിതനാകുമ്പോൾ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു, പത്ര സമ്മേളനങ്ങളിലും വീഡിയോകളിലും കനത്ത ചുമയും പ്രകടമായിരുന്നു. പ്രധാനമന്ത്രി ചുമച്ചു ചോരതുപ്പുന്നു എന്നിവരെ അഭ്യൂഹങ്ങൾ പരന്നു തുടങ്ങി. എന്നാൽ പ്രധാനമന്ത്രിയുടെ അടുത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു.

സാധാരണ കോവിഡ് 19 ബാധിച്ചാൽ ചിലർ രോഗലക്ഷണങ്ങൾ അറിയുക പോലുമില്ല, എന്നാൽ ചിലർക്കാവട്ടെ നെഞ്ചുവേദന, തലവേദന, ശരീര വലിവ്, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകും. രണ്ടാമത്തെ ആഴ്ചയാണ് പരീക്ഷണഘട്ടം, അതും കടന്നു കിട്ടിയാൽ രോഗികൾ അതിജീവിക്കും എന്ന് ഉറപ്പാണ്. പക്ഷെ ചിലർക്ക് ആ സമയത്ത് ശ്വാസകോശത്തെ ബാധിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്യും. ജോൺസൺന്റെ ആരോഗ്യസ്ഥിതിയിൽ സംശയം പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തെ സെന്റ് തോമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ പുറംലോകത്തോട് അറിയിച്ചതിലും വളരെ മോശമായിരുന്നു അദ്ദേഹത്തിന്റെ നില. അദ്ദേഹത്തോട് സമ്പർക്കം പുലർത്തിയിരുന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ പലരും രോഗം ബാധിച്ചു അവധിയിലായിരുന്നു.

അദ്ദേഹം ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാൻ ബാൽക്കണിയിൽ ഇറങ്ങി നിന്നപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ മോശമായിരുന്നു. എട്ടാം ദിനമായ ഏപ്രിൽ മൂന്നിന് ജനങ്ങളോട് വീടിനുള്ളിൽ ഇരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഇറക്കിയ വീഡിയോയിലും രോഗം പ്രകടമായിരുന്നു. ഏപ്രിൽ 4 ഓടുകൂടി അദ്ദേഹത്തിന്റെ പങ്കാളിയായ, ഗർഭിണിയായ കാരി സൈമണ്ട്സ് ഫോണിലൂടെ ഹൃദയഭേദകമായ രീതിയിൽ കരഞ്ഞു. അവരും കോവിഡ് ലക്ഷണങ്ങളോടെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഒടുവിൽ ഡോക്ടർ റിച്ചാർഡ് ലീച്ചിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം നേരിടുന്നത് കൊണ്ട് ഓക്സിജൻ നൽകി. വിദേശകാര്യ സെക്രട്ടറി ആയ ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ അഭാവത്തിൽ ഭരണം ഏറ്റെടുത്തു. തിങ്കളാഴ്ചയോടെ നില കൂടുതൽ വഷളായി. ലോക നേതാക്കൾ പ്രാർത്ഥനയും, ആശ്വാസ വാക്കുകളും അയച്ചുകൊണ്ടിരുന്നു. ഐസിയുവിൽ ആയിരുന്നു എങ്കിലും അദ്ദേഹത്തിന് വെന്റിലേറ്റർ നല്കേണ്ടി വന്നിട്ടില്ല. നൂറ്റിമുപ്പതോളം രോഗികൾ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. 55കാരനായ അദ്ദേഹം മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിച്ചു കൊണ്ടിരുന്നു. സെന്റ് തോമസ് ആശുപത്രി അധികം വിവരങ്ങൾ പുറത്തുവിട്ടില്ല. മൂന്ന് ദിവസത്തെ ഐസിയു വാസത്തിനു ശേഷം അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റി. അതിൽ സന്തോഷം പ്രകടിപ്പിക്കാനായി സൈമൺസ് 26 ക്ളാപ്പിംഗ് ഇമോജികൾ ഉള്ള മഴവില്ലിന്റെ ചിത്രം ട്വീറ്റ് ചെയ്തു.

ഈസ്റ്റർ വാരാന്ത്യ ത്തോടെ അദ്ദേഹം വീട്ടിൽ തിരിച്ചു പോകാൻ സന്നദ്ധനായി, എന്നാൽ ഏപ്രിൽ 14 വരെ ആശുപത്രിയിൽ തന്നെ തങ്ങാൻ ആയിരുന്നു നിർദ്ദേശം. ഒടുവിൽ തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടു. എൻ എച്ച് എസ് ആണ് തന്റെ ജീവൻ രക്ഷിച്ചത് എന്നും, ലോകോത്തര നിലവാരമുള്ള ചികിത്സ ലഭ്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 48 മണിക്കൂറോളം അദ്ദേഹത്തോടൊപ്പം നിന്ന് ചികിത്സിച്ച് നഴ്സുമാരായ ജനി, ലൂയിസ് എന്നിവർക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. രോഗം ഭേദമായാലും സാധാരണ കോവിഡ് രോഗികൾക്ക് ഉണ്ടാകുന്ന അതിയായ ക്ഷീണമോ, ശരീരവേദനയോ അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. സാധാരണ ജോലിയിൽ പ്രവേശിക്കുമ്പോൾ ധരിക്കാറുള്ള സ്യൂട്ടും ധരിച്ച് പതിവുപോലെ സുസ്മേരവദനനായി അദ്ദേഹം പുറത്തിറങ്ങി. അതിയായ അതിജീവന ശേഷിയും പ്രത്യാശയും പ്രധാനമന്ത്രിയ്ക്ക് ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.