ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ തലവനെ കണ്ടെത്തുന്നതിനായുള്ള സീറോ മലബാർ സഭയിലെ മെത്രാൻമാരുടെ സിനഡ് ജനുവരി 8-ാം തീയതി ആരംഭിച്ചു. സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് കാക്കനാട് ആണ് സിനഡ് നടക്കുന്നത്. ജനുവരി 13 വരെ നടക്കുന്ന സിനഡിന്റെ പ്രധാന അജണ്ട മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ്.

ഇതിനിടെ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കലും സാധ്യതാ പട്ടികയിൽ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും സാധ്യതാ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് മാർ ജോസഫ് കല്ലറങ്ങാട്ട് തന്നെയാണ്. ഇവർക്കൊപ്പം പാലാ രൂപത സഹായ മെത്രാനായിരുന്നപ്പോൾ സന്യാസ ജീവിതത്തിലേയ്ക്ക് കടന്ന മാർ ജേക്കബ് മുരിക്കൻ , തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് തറയിൽ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മാർ ജോസഫ് കല്ലറങ്ങാട് മേജർ ആർച്ച് ബിഷപ്പ് ആകുകയാണെങ്കിൽ നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കൽ പാലാ രൂപതയുടെ മെത്രാനായി പോയേക്കാം എന്ന വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ മാറ്റങ്ങളിലൊക്കെ തന്നെ ബ്രിട്ടനിൽ പുതിയ രൂപതാധ്യക്ഷൻ വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

സഭയിലെ ഉയർന്നുവന്നിരിക്കുന്ന കുർബാന തർക്കവും വിഭാഗീയതയും അവസാനിപ്പിക്കുന്നതിനായി മേജർ ആർച്ച് ബിഷപ്പിന് പുതിയ ഒരു ആസ്ഥാന രൂപത രൂപീകരിക്കുന്നതും സിനഡിന്റെ സജീവ പരിഗണനയിലുണ്ട്. അങ്ങനെയാണെങ്കിൽ കാക്കനാട് കേന്ദ്രമാക്കിയോ പൗരാണിക രൂപതയായ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയൊ സഭയുടെ പാരമ്പര്യ ആസ്ഥാനമായി അറിയപ്പെടുന്ന കുറവിലങ്ങാട് കേന്ദ്രമായോ ഒരു രൂപതയുണ്ടാകാം എന്നാണ് സഭയോട് അടുത്ത് നിൽക്കുന്നവർ നൽകുന്ന സൂചനകൾ.