ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കോവിഡ് നിയമങ്ങളിൽ സ്വന്തം മന്ത്രിമാരിൽ നിന്ന് ആരോപണം നേരിട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഡിസംബർ 2ന് ശേഷം രാജ്യത്ത് ഏർപ്പെടുത്തുന്ന പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷമാണ് ആരോപണം ഉയർന്നുകേൾക്കുന്നത്. കോൺവാൾ, ഐൽ ഓഫ് വൈറ്റ്, ഐൽസ് ഓഫ് സില്ലി എന്നിവ മാത്രമാണ് ഇംഗ്ലണ്ടിലെ ഇൻഡോർ സോഷ്യലൈസിംഗ് അനുവദിക്കുന്ന സ്ഥലങ്ങൾ. അടുത്താഴ്ച കോമൺസ് വോട്ടെടുപ്പിന് പദ്ധതി തയ്യാറാക്കുമ്പോൾ പ്രധാനമന്ത്രി പാർലമെന്റിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് മുതിർന്ന ടോറികൾ മുന്നറിയിപ്പ് നൽകി. ഡിസംബർ 2 മുതൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ടയർ 2, ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലാവും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സിസ്റ്റം അവലോകനം ചെയ്യും. ആദ്യ അവലോകനം ഡിസംബർ 16 നാണ് നടത്തപ്പെടുക. മിഡ്‌ലാന്റ്സ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, കെന്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ടയർ 3 യിലും ലണ്ടൻ, ലിവർപൂൾ സിറ്റി മേഖല എന്നിവയടക്കമുള്ള പ്രദേശങ്ങൾ ടയർ 2ലും ആണ്. എന്നാൽ എൻഎച്ച്‌എസിനെ സംരക്ഷിക്കാനും വൈറസ് നിയന്ത്രണത്തിലാക്കാനും ഈ നീക്കം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
സർക്കാരിന്റെ കൊറോണ വൈറസ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പദ്ധതികൾക്ക് പിന്തുണ നൽകണമോ എന്ന് ലേബർ പാർട്ടി അടുത്ത ആഴ്ച ആദ്യം തീരുമാനിക്കും. സ്വന്തം പാർട്ടിയിൽ തന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പ്രധാനമന്ത്രി നേരിടേണ്ടത് കനത്ത വെല്ലുവിളിയാണ്. ഏറ്റവും പുതിയ പദ്ധതിയിൽ ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ 57% പേർ കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ കഴിയേണ്ടി വരും. ഡൗണിംഗ് പത്രസമ്മേളനത്തിൽ ബോറിസ് ജോൺസൺ പുതിയ നടപടികളെ ന്യായീകരിക്കുകയുണ്ടായി. പുതുതായി രൂപംകൊണ്ട കോവിഡ് റിക്കവറി ഗ്രൂപ്പിന്റെ (സിആർജി) ഡെപ്യൂട്ടി ചെയർ ടോറി എംപി സ്റ്റീവ് ബേക്കർ, ഈ പ്രഖ്യാപനം ഭയപ്പെടുത്തുന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ടു.
കെന്റിലെ പെൻഷർസ്റ്റ് പോലുള്ള ഗ്രാമങ്ങളിൽ കഴിഞ്ഞ ആഴ്ച മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഉയർന്ന തോതിലുള്ള അണുബാധ നിരക്ക് ഉള്ള ഒരു പ്രാദേശിക അതോറിറ്റിയുടെ പരിധിയിൽ വരുന്നതിനാൽ അവ ടയർ 3 യിലേക്ക് ഉയർത്തപ്പെട്ടു. പുതിയ നിയമത്തിൽ ആളുകൾ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ ജനുവരിയിൽ ബ്രിട്ടന് മൂന്നാമത്തെ ദേശീയ ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ പ്രധാനമന്ത്രി തിരിച്ചടിച്ചു. ടയർ 3 ലെ മേഖലകളിൽ ബർമിംഗ്ഹാം, ഗ്രേറ്റർ മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, നോർത്ത് ഈസ്റ്റ്, ഹംബർസൈഡ്, നോട്ടിംഗ്ഹാംഷെയർ, ലീസെസ്റ്റർഷയർ, ഡെർബിഷയർ എന്നിവയും ഉൾപ്പെടുന്നുണ്ട്. താൻ ഈ പദ്ധതിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് 1922 ലെ കമ്മിറ്റി ചെയർമാൻ സർ എബ്രഹാം ബ്രാഡി വ്യക്തമാക്കി.
Leave a Reply