ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏഴു മാസത്തോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷം ആനന്ദ് അംബാനി രാധിക മര്‍ച്ചന്റ് വിവാഹം നടന്നപ്പോൾ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ വന്ന പ്രമുഖരിൽ രണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും ബോറിസ് ജോണ്‍സണും കുടുംബസമേതമാണ് മുംബൈ വെഡ്ഡിങ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അംബാനി കല്യാണത്തിൽ പങ്കെടുക്കാൻ വന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ബോറിസ് ജോൺസണും ഭാര്യ കാരിയും. 60 കാരനായ ബോറിസും 36 കാരിയായ കാരിയും മക്കളെ കൂട്ടിയാണ് വിവാഹ ചടങ്ങിന് എത്തിയത്. നാലുവയസുള്ള വില്‍ഫ്, രണ്ടു വയസുള്ള റോമി, ഒരു വയസു മാത്രം പ്രായമായ ഫ്രാങ്ക് എന്നിവരും ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചടങ്ങിന് വന്നത്.
ലോക ശ്രദ്ധ പിടിച്ച് പറ്റിയ അംബാനി കല്യാണത്തിൽ കിം കർദാഷിയൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഇതിനിടെ വൈറലായിരിക്കുകയാണ് കിംമും ബോറിസ് ജോൺസൻെറ മകൾ റോമിയും ആയുള്ള ചിത്രം. ക്രീം സില്‍വര്‍ കളര്‍ ഇന്ത്യന്‍ ലെഹങ്ക അണിഞ്ഞാണ് കാരി ചടങ്ങിൽ പങ്കെടുത്തത്. അതേസമയം ബോറിസ് ജോൺസൻ ബ്ലാക്ക് സ്യൂട്ടും ഗ്രീൻ ടൈയും ആണ് ധരിച്ചത്.
എ-ലിസ്റ്റ് സെലിബ്രിറ്റികളുടെ ആതിഥേയത്വം വഹിച്ച കല്യാണത്തിൽ ഏകദേശം 250 മില്യൺ പൗണ്ടോളം ചിലവ് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചുവന്ന ലെംഹഗ ധരിച്ച രാധിക മര്‍ച്ചന്റിൻെറ ചിത്രങ്ങൾ നിറകൈകളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പരമ്പരാഗത ഹിന്ദു ചടങ്ങുകൾക്കനുസരിച്ചാണ് വിവാഹ ചടങ്ങുകൾ നടന്നിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെ എടുത്ത് കാണിക്കുന്ന തരത്തിലുള്ള ചടങ്ങുകളായിരുന്നു വിവാഹത്തിൽ അരങ്ങേറിയത്.
Leave a Reply