ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ഏറ്റവും ആദ്യം ജനങ്ങൾക്ക് കോവിഡിനെതിരെ പ്രതിരോധകുത്തിവെയ്പ്പ് നൽകിയ രാജ്യമായിരുന്നു ബ്രിട്ടൻ. തുടക്കം മുതൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനും ആവശ്യമായ വാക്സിൻെറ ലഭ്യത ഉറപ്പാക്കാനുംബ്രിട്ടൻ എന്നും മുന്നിലായിരുന്നു. എന്നാൽ ഇത്രയും ഊർജിതമായ രീതിയിൽ വാക്സിനേഷൻ നൽകിയിട്ടും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പലരും പ്രതിരോധകുത്തിവെയ്പ്പുകൾ എടുത്തിട്ടില്ല എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളെ കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ 75 ശതമാനവും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈയിൽ നിയന്ത്രണങ്ങൾ പിൻവലിക്കാനെടുത്ത തീരുമാനം ശരിയായ ദിശയിലായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ഇതാണ് കാണിക്കുന്നത് . എന്നാൽ ഇപ്പോഴും കൊറോണവൈറസ് നമ്മുടെ ഇടയിലുണ്ട് . അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . മുതിർന്നവരിൽ 5 -ൽ ഒരാൾക്ക് 2 ഡോസ് വാക്സിൻ എടുത്തില്ലെന്നത് ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക ശക്തമാണ്. ബ്രിട്ടനിൽ കഴിഞ്ഞ ഒമ്പത് ദിവസമായി തുടർച്ചയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30000 -ത്തിന് മുകളിലാണ് . രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ആശുപത്രിയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരുമാസംമുമ്പ് 5697 ആയിരുന്നത് നിലവിൽ 7907 ആയി ആണ് ഉയർന്നത്.