ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ പാർട്ടി വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൻ. ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നു. 2020 മേയിൽ തന്റെ ഡൗണിങ് സ്ട്രീറ്റ് വസതിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തത് പ്രധാനമന്ത്രി സമ്മതിക്കുകയും തുടർന്ന് മാപ്പ് പറയുകയുമായിരുന്നു. ‘നിയമം നിർമിക്കുന്നവർ തന്നെ അവ ലംഘിച്ചാൽ, എനിക്കും സർക്കാരിനുമെതിരെ ജനങ്ങൾക്കുണ്ടാകുന്ന ദേഷ്യം എനിക്ക് അറിയാം’ ബോറിസ് ജോൺസൻ പറഞ്ഞു. ഇന്നലെ പാർലമെന്റിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം.
2020 മെയ് 20 ന് നടന്ന ഡൗണിംഗ് സ്ട്രീറ്റ് പാർട്ടിയിൽ താൻ 25 മിനിറ്റോളം പങ്കെടുത്തുവെന്ന് പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. നിയമം നിർമിക്കുന്നവർ ലംഘിക്കാൻ പാടില്ലെന്ന ആത്മവിമർശനം ജോൺസനിൽ നിന്നുണ്ടായെങ്കിലും സ്വന്തം എം പി മാർ വരെ ഇപ്പോൾ അദ്ദേഹത്തിനെതിരാണ്. നുണകൾ മാത്രം പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. അവശ്യമുള്ള മദ്യവുമായി പാര്‍ട്ടിക്കെത്താന്‍ ക്ഷണിച്ചുകൊണ്ടുള്ള ഇ മെയിൽ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്.
മതിയായ കാരണമില്ലാതെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരുന്ന ലോക്ക്ഡൗൺ കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തിയത്. പാർട്ടി നടന്ന സമയത്ത് സ്‌കൂളുകൾ, പബ്ബുകൾ, റസ്റ്റാറൻറുകൾ എന്നിവ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുള്ള കൂടിക്കാഴ്ചയാണ് അനുവദിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം വലിയ ജനാരോഷത്തിനും കാരണമായി.
Leave a Reply