ന്യൂസ് ഡെസ്ക് മലയാളം യുകെ

നായയുടെ ആക്രമണത്തെ തുടർന്ന് മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് കിർക്ക്ബി ടൗൺ സെന്ററിലെ ഒരു പബ്ബിന് പുറത്ത് നടന്ന ആക്രമണത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മെർസിസൈഡ് പോലീസ് അറിയിച്ചു. കുട്ടിയുടെ പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമിച്ച നായയെ പിടികൂടി അതിൻെറ ഇനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

സംഭവത്തിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഓർംസ്‌കിർക്കിൽ നിന്നുള്ള 31 കാരനായ ഇയാളെ പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ നായയെ വളർത്തിയതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയത് വരികയാണ്. ന്യൂടൗൺ ഗാർഡൻസിലെ മാർക്കറ്റ് ടാവേൺ പബ്ബിന് പുറത്ത് വൈകുന്നേരം 3:15 നാണ് അപകടം നടന്നത്. ഈ സമയം തെരുവിൽ ഉണ്ടായിരുന്നവർ ഉദ്യോഗസ്ഥരുമായി വിവരം പങ്കുവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിന് ഇരയായ പെൺകുട്ടിക്ക് മികച്ച ചികിത്സയും പരിചരണവും ആണ് നൽകുന്നതെന്ന് ചീഫ് ഇൻസ്പെക്ടർ ജിം വൈൽഡ് പറഞ്ഞു. ഈ കേസ് നായ്ക്കളുടെ അപകടസാധ്യതകളെ എടുത്തുകാട്ടുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ, പിറ്റ് ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസീലീറോ എന്നീ ഇനങ്ങളിൽ പെട്ട നായ്ക്കളെ സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണ്.