ബ്രിട്ടൺ: ബ്രിട്ടനിൽ അഞ്ച് ആഴ്ച പാർലമെന്റ് പിരിച്ചുവിടുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചതിൽ താൻ രാഞ്ജിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന സ്കോട്ട്‌ലൻഡ് കോടതിയുടെ വിധിയെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രസ്താവിച്ചത്. താൻ ഒരു തരത്തിലുള്ള കള്ളത്തരങ്ങളും രാജ്ഞിയോട് അറിയിച്ചിട്ടില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇംഗ്ലണ്ടിലെ ഹൈക്കോടതി തങ്ങളുടെ തീരുമാനം ശരിയാണെന്ന് വിലയിരുത്തിയതായും, ഇനി സുപ്രീംകോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള അധികാരം രാഞ്ജിക്കാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമേ രാഞ്ജി തീരുമാനം എടുക്കുക പതിവുള്ളൂ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് ആഴ്ചത്തേക്ക് പാർലമെന്റ് പിരിച്ചുവിട്ടത്. ഒക്ടോബർ 14ന് മാത്രമേ ഇനി പാർലമെന്റ് സമ്മേളനം ഉണ്ടാവുകയുള്ളൂ എന്നതാണ് തീരുമാനം. യൂറോപ്യൻ യൂണിയനിൽ നിന്നും ഒരു കരാർ – രഹിത പിൻമാറ്റത്തിനായി തയ്യാറെടുക്കുന്ന ബ്രിട്ടൻ, അതിനെ തുടർന്നു ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഓപ്പറേഷൻ യെല്ലോ-ഹാമർ എന്ന പേരിൽ ഒരു കരട് രേഖയും പുറത്തിറക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർലമെന്റ് പിരിച്ചുവിട്ടത് അനുചിതമാണെന്നു ലേബർ പാർട്ടി വക്താക്കൾ ആരോപിച്ചു.

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ നിലനിൽക്കുന്ന നോർത്തേൺ അയർലണ്ടും, യൂറോപ്യൻ യൂണിയനിൽ തന്നെ തുടരുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനും ഇടയിൽ ശക്തമായ വിലക്കുകൾ ഒന്നും തന്നെ വയ്ക്കുവാൻ സമ്മതിക്കുകയില്ല എന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ്‌ ഡേവിഡ് സാസോളി അറിയിച്ചു. എന്നാൽ ഇത്തരമൊരു നീക്കത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി നിരാകരിച്ചു. പിന്മാറ്റത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് രേഖയിൽ, ഭക്ഷ്യ- ഇന്ധന ക്ഷാമത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ഉണ്ട്. എന്നാൽ ഇതെല്ലാം തയ്യാറെടുപ്പുകൾ മാത്രമാണെന്ന് ഗവൺമെന്റ് ഉറപ്പു നൽകിയിട്ടുണ്ട്. ഇത്തരം ഒരു രേഖയെ പറ്റി ചർച്ച പോലും ചെയ്യാതെ പാർലമെന്റ് പിരിച്ചുവിട്ടത് തികച്ചും തെറ്റാണെന്ന് ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണാൽ  പ്രസ്താവിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസന് എതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പലഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്.എന്നാൽ കരാർ – രഹിത പിൻമാറ്റത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ഗവൺമെന്റ് നടത്തുന്നുണ്ടെന്നും, വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് അറിയിച്ചു.