ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൂടുതൽ നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ ഒമിക്രോൺ വ്യാപനം തടയാനാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇനിയൊരു അടച്ചിടൽ ഉണ്ടാകില്ലെന്ന പ്രതീക്ഷ പ്രധാനമന്ത്രി നൽകിയത്. ബിസിനസ് മേഖലകൾക്കെല്ലാം തന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൂടുതൽ ഊർജ്ജം നൽകുന്നതാണ്. ഇതോടൊപ്പംതന്നെ ഫുഡ്‌ പ്രോസസ്സിങ്, ഗതാഗതം, ബോർഡർ കണ്ട്രോൾ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം ക്രിട്ടിക്കൽ ജീവനക്കാരെ ദിവസവും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനായി മന്ത്രിമാരുടെ യോഗം ഉടൻ തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്.

ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ യു കെയിൽ ദിവസേന രണ്ടു ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതു ജാഗ്രത പാലിക്കേണ്ട സമയം ആണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. എന്നാൽ മറ്റ് വേരിയന്റുകളെക്കാൾ രൂക്ഷത കുറഞ്ഞതാണ് ഒമിക്രോൺ എന്നുള്ളതും, ബൂസ്റ്റർ ഡോസുകൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു എന്നുള്ളതു കൊണ്ടുമാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്കൂളുകളും ബിസിനസ് മേഖലകളും അടച്ചിടാതെ തന്നെ ഈ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈറസിനോടൊപ്പം ജീവിക്കാനാണ് ഇനി നാം ശ്രമിക്കേണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വരുന്ന ആഴ്ചകൾ കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് ഡേറ്റാ നിരീക്ഷിക്കുന്നത് ഗവൺമെന്റ് തുടരുമെന്നും, ആവശ്യമായ ഘട്ടങ്ങളിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.