ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് ചാൻസലർ റിഷി സുനകിനെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഭീഷണി ഉയർത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിൽ ബുധനാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കെ, അന്താരാഷ്ട്ര യാത്രകൾക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ചാൻസലറുടെ കത്ത് മാധ്യമങ്ങൾക്ക് ലഭിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം. നിയന്ത്രണങ്ങൾ യു കെയുടെ സാമ്പത്തികരംഗത്തെ തകർക്കുകയാണെന്നും, ഇത് ബ്രിട്ടനെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അവസ്ഥയെക്കാൾ പുറകിലെത്തിക്കുമെന്നും കത്തിൽ റിഷി സുനക് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളിൽ കത്ത് വരുന്നതിനു മുൻപ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തത്. കത്ത് പുറത്തായത് സംബന്ധിച്ച് പ്രധാനമന്ത്രി വളരെയധികം ക്ഷുഭിതനാണെന്നും, ഇതേതുടർന്നാണ് ചാൻസലറുടെ സ്ഥാനത്തുനിന്നും ആരോഗ്യ സെക്രട്ടറിയുടെ സ്ഥാനത്തേയ്ക്ക് റിഷി സുനകിനെ മാറ്റുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഭീഷണിയുയർത്തിയതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ റിഷി സുനകിനെ ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് പ്രതീക്ഷിക്കാമെന്ന് ഒരു ഉന്നത വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM


ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ഓഫീസിലെ ഒഫീഷ്യൽസാണ് കത്ത് പുറത്താക്കാൻ കാരണമെന്നാണ് നിഗമനം. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സംബന്ധിച്ചുള്ള ചാൻസലറുടെ ഉത്കണ്ഠ മാത്രമാണ് കത്തിൽ ഉള്ളതെന്ന് ട്രഷറി അധികൃതർ വ്യക്തമാക്കുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ മാറ്റത്തെക്കുറിച്ച് ഇപ്പോൾ ഒരു പ്രസ്താവനയും നടത്താനില്ലെന്ന് ഡൗണിങ് സ്ട്രീറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഈയാഴ്ചയാണ് ഗവൺമെന്റ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിലൂടെ കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലേയ്ക്ക് ചേർത്തിട്ടുണ്ട്. ചാൻസലറുടെ കത്ത് പുറത്തായത് പ്രധാനമന്ത്രിയുടെ കൂടെയുള്ള മന്ത്രിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ഒരു അവസരവും ഒരുക്കിയിരിക്കുകയാണ്.