ന്യൂസ് ഡെസ്ക് മലയാളം യുകെ

ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 36, 389 ആണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 64 മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 15,000 ത്തിലധികം കുറവുണ്ട്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള രോഗവ്യാപനം പുതിയ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ലന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ വരുംദിനങ്ങളിൽ രോഗവ്യാപനം പ്രതിദിനം ഇരട്ടിയിലധികം ആകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടുത്ത സമ്മർദമാണ് നേരിടുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . എൻഎച്ച്എസിന്റെ കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ജീവനക്കാർക്ക് ഒറ്റപ്പെടൽ നിർദ്ദേശം ലഭിക്കുന്നതു മൂലം പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത് . ഇതിനെതിരെ പ്രതിഷേധം ഉയർത്തിയ സ്ഥാപന ഉടമകൾക്ക് പിന്തുണയുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തുവന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് പ്രവർത്തനം ആരംഭിച്ച പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവ കടുത്ത തോതിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉചിതമായ തീരുമാനം കൈക്കൊള്ളുന്നില്ലെങ്കിൽ ഒറ്റപ്പെടൽ നിർദ്ദേശത്തിന് പൊതുജനത്തിന്റെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുകയില്ലെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി ചെയർമാനും കൺസർവേറ്റീവ് എംപിയുമായ ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി.