ഹീത്രു: ഹീത്രുവിൽ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ മരണവിവരം വളരെ വേദനയോടെ ഞങ്ങൾ റിപ്പോർട് ചെയ്യുന്നു. തൃശൂർ സ്വദേശിയായ ബിനിൽ പള്ളത്ത് (34 വയസ്സ്) ആണ് മരണത്തിന് കീഴ്‌പ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടുകൂടിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. തൃശൂർ ചേരൂർ പള്ളത്ത് ആണ് വീട്. ബാലഗോപാലിന്റയും വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ബനിൽ.

ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം പുറത്തു നിന്നും കഴിച്ചിട്ട് വന്ന ബിനിൽ ക്ഷീണം കാരണം  ചെറുതായ് ഒന്ന് വിശ്രമിക്കാൻ ബെഡ്റൂമിലേക്ക് പോയി. താഴെ ഭാര്യാ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. മൂന്ന് വയസ്സുള്ള പെൺകുട്ടി താഴെത്തന്നെ കളിക്കുകയും ആയിരുന്നു. കളിക്കുന്നതിനിടയിൽ കൊച്ചു ബെഡ്‌റൂമിൽ പോയി പപ്പയെ വിളിച്ചപ്പോൾ ഉണരാതെ വരുകയും ഡാഡി ഉറങ്ങിപ്പോയി എന്ന് അമ്മയെ അറിയിച്ചു. എന്തോ സംശയം തോന്നിയ ലിനി വന്ന് നോക്കുമ്പോൾ തലയിണയിൽ മുഖം അമർത്തി ഉറങ്ങുന്ന രീതിയിൽ ആണ് ബിനിൽ കിടന്നിരുന്നത്. പെട്ടെന്നു തന്നെ മുഖം തിരിച്ചപ്പോൾ ഭക്ഷണം തലയിണയിൽ കണ്ടെത്തുകയും അത് ഛർദിച്ചതാണ്‌ എന്ന് തിരിച്ചറിഞ്ഞു. ശരീരം തണുത്തിരിക്കുന്നതും നീല നിറവും കണ്ടപ്പോൾ തന്നെ പാരാമെഡിക്കൽ സംഘത്തെ അറിയിക്കുകയും ചെയ്‌തു. അപ്പോൾ രാത്രി പത്തര മണിയായിരുന്നു.

പാരാമെഡിക്കൽ സംഘം എത്തി പരിശോധിച്ചപ്പോൾ മരണം അര മണിക്കൂർ മുൻപേ നടന്നിരുന്നു എന്ന് അവർ അറിയിക്കുകയുണ്ടായി എന്നാണ് പുറത്തു വരുന്ന വിവരം. പ്രാഥമിക വിവരം അനുസരിച്ചു ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാണ് പ്രധാന മരണ കാരണമെന്നാണ് പാരാ മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ കൂർക്കം വലിച്ചപ്പോഴോ അതുമല്ലെങ്കിൽ തുമ്മൽ മൂലമാണോ ഭക്ഷണം കുരുങ്ങിയത് എന്ന സംശയത്തിലാണ് മെഡിക്കൽ സംഘം. നാലോളം സാമ്പിളുകൾ ബിയോപ്സിക്കായി അയിച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം അറിയുവാൻ സാധിക്കുകയുള്ളൂ.

രണ്ട് ദിവസം മുൻപ് മാത്രമാണ് ഇവർക്ക് പി ആർ ലഭിച്ചത്. പാസ്സ്‌പോർട്ട് ലഭിച്ചാലുടൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ബിനിലും കുടുംബവും. ആറു വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ ഇരുന്ന സമയത്താനു ബിനിലിന്‌ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. ഭാര്യ ലിജിയും തൃശൂർ സ്വദേശിനിയാണ്. പാസ്സ്‌പോർട്ട് ഇപ്പോഴും ഹോം ഓഫീസിൽ ആയതിനാൽ ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഹീത്രു മലയാളി അസോസിയേഷൻ അംഗം കൂടിയാണണ്‌ മരിച്ച ബിനിൽ.