ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്താനുള്ള സാധ്യത ഉയരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 115 വോട്ടുകളുമായി ഋഷി സുനക് ഒന്നാമതെത്തി. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട് 82 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. എന്നാൽ, മുൻ റൗണ്ടിനെ അപേക്ഷിച്ച് മോർഡൌണ്ട് നേടിയത് കുറഞ്ഞ വോട്ടുകളാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകൾ നേടി മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള മുൻ മന്ത്രി കെമി ബാഡെനോക്ക് 58 വോട്ടുകൾ നേടി. കഴിഞ്ഞ റൗണ്ടിനെക്കാൾ ഒൻപത് വോട്ടുകൾ കൂടി നേടാൻ ബാഡെനോക്കിനായി. അതേസമയം, 31 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തായ ടോം തുഗെന്ധത് മത്സരത്തിൽ നിന്ന് പുറത്തായി.
ശേഷിക്കുന്ന നാല് സ്ഥാനാർഥികൾക്കായി ഇന്ന് വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ചയോടെ മത്സരരംഗത്ത് അവശേഷിക്കുന്ന രണ്ട് പേർ ആരൊക്കെയാണെന്ന് അറിയാൻ കഴിയും. അവസാന രണ്ടിലെത്താൻ കടുത്ത മത്സരമാണ് നടക്കുന്നത്. ഋഷി സുനക്, മോർഡൗണ്ട്, ലിസ് ട്രസ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം. സുനക്കും ട്രസും പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇന്ന് നടത്താനിരുന്ന സ്കൈ ന്യൂസ് ഡിബേറ്റ് റദ്ദാക്കി.
കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ സർവ്വേയിലും ഋഷി സുനകിന് വലിയ പിന്തുണയാണ് ലഭിച്ചത്. 48 ശതമാനം പേരാണ് ഋഷി സുനകിനെ പിന്തുണച്ചത്. അതേസമയം, ഹൗസ് ഓഫ് കോമൺസിൽ രാത്രി വൈകി നടന്ന വിശ്വാസവോട്ടെടുപ്പിൽ 238നെതിരെ 349 വോട്ടുകൾക്ക് ബോറിസ് ജോൺസൻ സർക്കാർ വിജയിച്ചു. ജോൺസന്റെ കീഴിലുള്ള സർക്കാരിൽ എംപിമാർക്ക് ഇപ്പോഴും വിശ്വാസമുണ്ടോ എന്നറിയാനാണ് വിശ്വാസവോട്ടെടുപ്പുമായി ലേബർ പാർട്ടി എത്തിയത്. എന്നാൽ വോട്ടെടുപ്പിൽ കരകയറിയതോടെ പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത ഏഴാഴ്ചത്തേക്ക് ജോൺസണ് തന്റെ ചുമതലയിൽ തുടരാം.
Leave a Reply