ലണ്ടൻ∙ തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കൺസർവേറ്റീവ് പാർട്ടിയിലെ മൽസരത്തിന് തുടക്കത്തിലെ ആവേശം. നിലവിൽ 11 പേരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ളത്. എംപിമാരുടെ പിന്തുണയോടെ സ്ഥാനാർഥിയാകാൻ ഇന്നു വൈകുന്നേരം വരെ സമയമുണ്ട്.
ഇതിനിടെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഏവരും സാധ്യത കൽപിക്കുന്ന മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പാർട്ടി അണികളുടെയും സാധാരണക്കാരുടെയും പിന്തുണ നേടാൻ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തി. കടുത്ത ബ്രെക്സിറ്റ് വാദിയായ ബോറിസ് ആദായനികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഇടത്തരക്കാരുടെയും വർക്കിങ് ക്ലാസിന്റെയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. താൻ പ്രധാനമന്ത്രിയായാൽ ഉയർന്ന നിരക്കിൽ ആദായനികുതി അടയ്ക്കേണ്ട പരിധി നിലവിലെ 50,000 പൗണ്ടിൽ നിന്നും 80,000 പൗണ്ട് ആയി ഉയർത്തുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. 30 ലക്ഷത്തോളം വരുന്ന ഇടത്തരക്കാരുടെ പിന്തുണ ഒറ്റയടിക്ക് ആർജിക്കുന്ന പ്രഖ്യാപനമാണിത്. ബ്രിട്ടണിലുള്ള പതിനായിരക്കണക്കിന് മലയാളികൾക്കും ഈ പ്രഖ്യാപനം ഗുണം ചെയ്യും.
നഴ്സുമാരും ഐടി പ്രഫഷണലുകളും ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ബ്രിട്ടീഷ് മലയാളികളും ഉയർന്ന നിരക്കിൽ ആദായനികുതി അടയ്ക്കുന്നവരാണ്. നികുതി ഘടനയിലുണ്ടാകുന്ന മാറ്റംമൂലം ഇവർക്കെല്ലാം നല്ലൊരു തുക ലാഭിക്കാനാകും. നികുതി പരിധി ഉയർത്തുന്നത് സർക്കാരിന് 9.6 ബില്യൻ പൗണ്ടിന്റെ അധിക ബാധ്യത വരുത്തുമെങ്കിലും യൂറോപ്യൻ യൂണിയനുമായി കരാറിലെത്തുന്നതിനായി മാറ്റിവച്ച 26.6 ബില്യൻ പൗണ്ടിൽനിന്നും ഈ തുക കണ്ടെത്താനാകുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. ഒറ്റയടിക്ക് ബ്രെക്സിറ്റ് വാദികളുടെയും വർക്കിംങ് ക്ലാസിന്റെയും പിന്തുണയാർജിക്കുന്ന ഈ പ്രഖ്യാപനത്തിലൂടെ ഇരട്ടനേട്ടമാണ് ബോറിസിന്റെ ലക്ഷ്യം. ഇതിലൂടെ പാർട്ടിയിലെ തന്റെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാമെന്നും മുൻ ലണ്ടൻ മേയർ കൂടിയായ ബോറിസ് കണക്കുകൂട്ടുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൽ 43 ശതമാനം പേർ പിന്തുണയ്ക്കുന്നത് ബോറീസിനെയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ജനപ്രിയ വാഗ്ദാനങ്ങളിലൂടെ ആദ്യറൗണ്ട് വോട്ടെടുപ്പിൽ തന്നെ അദ്ദേഹം എതിരാളികളെ പിന്നിലാക്കാനുള്ള ശ്രമത്തിലാണ്.
ആദായനികുതിയോടൊപ്പം കോർപറേഷൻ ടാക്സിലും ബിസിനസ് ടാക്സിലും ഗണ്യമായ ഇളവുകൾ വരുത്തണമെന്നാണ് ബോറിസിന്റെ നിലപാട്. നികുതി ഇളവുകൾ ജനജീവിതത്തെ സഹായിക്കുമെന്നും ഇതുവഴി സമ്പദ്ഘടനയ്ക്ക് സ്വാഭാവിക വളർച്ച കൈവരുമെന്നുമാണ് ബോറിസിന്റെ വാദം.ബ്രെക്സിറ്റ് കരാറിനായി നികുതിപ്പണം ഉപയോഗിക്കുന്നതിനെ തുറന്ന് എതിർക്കുന്നതാണ് ബോറിസിന്റെ നയം. പണം നൽകി യൂറോപ്യൻ യൂണിയനുമായി കരാറിലെത്തുന്നതിനെ എതിർത്തായിരുന്നു ബോറിസ് മന്ത്രിസഭയിൽനിന്നുതന്നെ രാജിവച്ചത്. പുതിയ സാഹചര്യത്തിൽ താൻ പ്രധാനമന്ത്രിയായാൽ കരാറോടുകൂടിയോ അല്ലാതെയോ ഓക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു. വ്യക്തമായ ഈ ബ്രെക്സിറ്റ് നിലപാടും നികുതി ഇളവുകളുമാകും വരുംദിവസങ്ങളിൽ ബോറിസ് മുഖ്യ പ്രചാരണ ആയുധമാക്കുക.
ബ്രിട്ടണിൽ ഇംഗ്ലണ്ട്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ നിലവിലുള്ള ആദായനികുതിഘടന ഇപ്രകാരമാണ്. 8,632 പൗണ്ടുവരെ ഒരു നികുതിയും നൽകേണ്ടതില്ല.
8,632 മുതൽ 12,500 പൗണ്ടുവരെ 12 ശതമാനം നാഷനൽ ഇൻഷുറൻസ് മാത്രം നൽകിയാൽ മതിയാകും. 12,500 മുതൽ 50,000 പൗണ്ടുവരെ 12 ശതമാനം നാഷണൽ ഇൻഷുറൻസ് ഉൾപ്പെടെ 32 ശതമാനമാണ് നികുതി. 50,000 മുതൽ 100,000 പൗണ്ടുവരെ രണ്ടു ശതമാനം നാഷനൽ ഇൻഷുറൻസ് ഉൾപ്പെടെ 42 ശതമാനം നികുതി. അധിക നികുതി ആരംഭിക്കുന്ന 50,000 പൗണ്ട് പരിധിയാണ് 80,000 പൗണ്ടായി ഉയർത്തുമെന്ന് ബോറിസ് വാഗ്ദാനം ചെയ്യുന്നത്.
Leave a Reply