ഷിബു മാത്യു 

ലീഡ്‌സ്. പ്രസിദ്ധമായ എട്ടു നോമ്പ് തിരുന്നാളിന് ലീഡ്‌സ് സാക്ഷിയായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ആഘോഷമായി കൊണ്ടാടി. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 10.30 ന് റവ. ഫാ. ടോമി എടാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടന്നു. ചാപ്ലിയന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാര്‍മ്മികനായി. അത്യധികം ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ ചാപ്ലിന്‍സിയിലെ ആറ് കുട്ടായ്മകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ഫാ. ടോമി എടാട്ട് തിരുന്നാള്‍ സന്ദേശം നല്‍കി. ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ വിശ്വാസികള്‍ക്കുണര്‍വ്വ് നല്‍കി ഫാ. എടാട്ട് വിശ്വാസികളോട് സംസാരിച്ചു. രക്ഷാകര കര്‍മ്മത്തില്‍ സന്തത സഹചാരിയായിരുന്ന പരിശുദ്ധ അമ്മ പ്രയാസങ്ങളിലും വേദനകളിലും ദു:ഖത്തിലും ദുരിതത്തിലുമൊക്കെ നമ്മുടേയും സന്തത സഹചാരിയാകും. അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. ഫാ. ടോമി ലീഡ്‌സ് വിശ്വാസ സമൂഹത്തിനോട് പറഞ്ഞു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. ജപമാല രഹസ്യങ്ങള്‍ ഉരുവിട്ട് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ നടന്ന പ്രദക്ഷിണം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടക്കുന്ന വാദ്യമേള തിരുനാളുകളില്‍ നിന്നും വ്യത്യസ്ഥവുമായി. പ്രസുദേന്തിമാരില്ലാതെ ഇടവകയാകാത്ത ഇടവക ജനത്തിന്റെ തിരുന്നാളായിരുന്നു ലീഡ്‌സില്‍ നടന്ന പരിശുദ്ധ അമ്മയുടെ ജനന തിരുന്നാളും എട്ടുനോമ്പും.
വി. അന്തോനീസും വി. സെബസ്ത്യാനോസും ഭാരത വിശുദ്ധരുമടങ്ങുന്ന തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പ്രാദേശികര്‍ക്കും ആകാംക്ഷയും ആവേശവുമായി. സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തിന് ചുറ്റുമുള്ള വഴികളിലൂടെ നടന്നു നീങ്ങിയ പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച് തിങ്ങിനിറഞ്ഞ വിശ്വാസികളുടെ നടുവിലൂടെ വിശുദ്ധരുടെ തിരുസ്വരൂപം പരിശുദ്ധമായ അള്‍ത്താരയിലേയ്ക്ക് തിരികെപ്പോകുന്ന കാഴ്ച, അതായിരുന്നു ഈ തിരുന്നാളിന്റെ ഏറെ പ്രത്യേകത.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പതിവ് പോലെ സ്‌നേഹവിരുന്നു നടന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും ചാപ്ലിന്‍ റവ.ഫാ. മാത്യൂ മുളയോലില്‍ നന്ദിയര്‍പ്പിച്ചു.