ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4 വ്യാഴാഴ്ച യുകെയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രവചനങ്ങളെ എല്ലാം മാറ്റിമറിച്ച് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടർച്ചയായി നാലാം തവണയും ഭരണം നേടിയതിന് ശേഷം 5 -ാം തവണയാണ് കൺസർവേറ്റീവ് പാർട്ടി അധികാരത്തിനായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 

പ്രതിപക്ഷ പാർട്ടികളെയും ഒരു നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ മോശം ഭരണത്തിൽ നിന്ന് മാറ്റത്തിനുള്ള സമയമാണിതെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു . അടുത്തയിടെ നടന്ന മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ഭരണപക്ഷത്തിന് എതിരെയുള്ള ജനവികാരം പ്രകടമായിരുന്നു.


തിരഞ്ഞെടുപ്പ് ഇനിയും താമസിച്ചാൽ ഭരണപരാജയങ്ങളുടെ പേരിൽ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമോ എന്ന് ഭയമാണ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ഋഷി സുനകിനെ പ്രേരിപ്പിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നിലവിൽ കഴിഞ്ഞ ബഡ്ജറ്റിൽ നികുതികൾ വെട്ടി കുറച്ചതിനെ തുടർന്നുള്ള അനുകൂല സാഹചര്യം ലഭിക്കുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. ജൂണില്‍ പരിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകിയിരുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങൾ പരമാവധി വോട്ടാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.