ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി അറിയിച്ചു. വെടിനിർത്തൽ നിർത്തിയിട്ടും ശക്തമായ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുടെ മുന്നറിയിപ്പ്. അടുത്തതായി സുഡാനിൽ എന്ത് സംഭവിക്കുമെന്ന് യുകെ സർക്കാരിന് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം വിട്ടു പോകാൻ താല്പര്യപ്പെടുന്ന ഒട്ടുമിക്ക ബ്രിട്ടീഷ് പൗരന്മാർക്കും തലസ്ഥാനമായ കാർട്ടൂമിന് വടക്കുള്ള എയർ ഫീൽഡിൽ എത്തിച്ചേരാൻ സാധിച്ചതായാണ് വിവരം. യുകെ ഇതുവരെ 8 വിമാനങ്ങളിലായി 897 പേരെ സുഡാനിൽ നിന്ന് സൈപ്രസിലേയ്ക്ക് ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 4000 -ത്തോളം ബ്രിട്ടീഷ് പൗരന്മാർ സുഡാനിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ. നിലവിൽ എത്ര ബ്രിട്ടീഷ് പൗരന്മാർ സുഡാനിലുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നാണ് മിനിസ്റ്റർ മാധ്യമങ്ങളെ അറിയിച്ചത്. വെടി നിർത്തൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സുഡാനിലെ അയൽ രാജ്യങ്ങൾക്ക് ഒപ്പം യുകെയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളെയും തുടർന്ന് വെടി നിർത്തലിന്റെ സമയം നീട്ടുകയായിരുന്നു.

ഏപ്രിൽ 15 നാണ് സുഡാനിലെ റാപ്പിഡ് സപ്പോർട്ടഡ് ഫോഴ്സും മിലിട്ടറിയും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുറഞ്ഞത് 512 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സുഡാനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. സുഡാനിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരുടെ ഒഴിപ്പിക്കലിന് വേഗത പോരെന്ന വിമർശനം ശക്തമായിരുന്നു. ബ്രിട്ടീഷ് പൗരന്മാർ രാജ്യത്തിൻറെ പല ഭാഗത്ത് ആയതുകൊണ്ട് യുകെയുടെ ഒഴിപ്പിക്കലിനെ മറ്റു രാജ്യങ്ങളുടെ രക്ഷാപ്രവർത്തനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി അഭിപ്രായപ്പെട്ടത്.