തിരുവനന്തപുരം∙ സ്വകാര്യ സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ആറു വയസുകാരനായ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി ആക്ഷേപം. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രീഹരിയുടെ വലതു കണ്ണിന്റെ കാഴ്ചയാണു നഷ്ടമായത്. പെൻസിൽ കൊണ്ടു കണ്ണിനു മുറിവേറ്റ കുട്ടിയെ അധ്യാപകർ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്നാണു മാതാപിതാക്കളുടെ ആരോപണം.

അണുബാധയെത്തുടർന്നാണു കാഴ്ച ശക്തി നഷ്ടമായത്. കാഴ്ച തിരിച്ചുകിട്ടാൻ ശസ്ത്രക്രിയ നടത്തണം. ഓട്ടോഡ്രൈവറായ അച്ഛന്‍ സുമേഷിന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. സഹായം തേടി സ്കൂൾ ചെയർമാനെ സമീപിച്ചപ്പോൾ സഹായിക്കാനാകില്ലെന്നായിരുന്നു മറുപടിയെന്നും മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്കാണ് ശ്രീഹരിയുടെ കണ്ണിൽ പെൻസിൽ കൊണ്ടു മുറിവേറ്റത്. അധ്യാപകരോട് പറഞ്ഞപ്പോൾ കണ്ണു കഴുകാൻ നിർദേശം നൽകി.

തൂവാലയിൽ വെള്ളം നനച്ചു കണ്ണിൽ തുടയ്ക്കാനും പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് അമ്മ ഗായത്രി സ്കൂളിൽ എത്തിയപ്പോഴാണു വിവരമറിഞ്ഞത്. വൈകിട്ട് അഞ്ചു മണിക്ക് പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് കണ്ണാശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം മ്യൂസിയം പൊലീസിൽ അച്ഛൻ പരാതി നൽകി. എന്നാൽ പ്രിൻസിപ്പലും അധ്യാപകരുമെത്തി വിഷയം ഒത്തുതീർപ്പാക്കിയതായി കുടുംബം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീഹരിയുടെ ചേച്ചിയും ഈ സ്കൂളിലാണ് പഠിക്കുന്നത്. പരാതിയുമായി മുന്നോട്ടു പോകരുതെന്നും,ചികിത്സയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും സ്കൂൾ അധികൃതർ വാഗ്ദാനം ചെയ്തതോടെ പരാതി പിൻവലിക്കുകയായിരുന്നു. പിന്നീട് കണ്ണിലുണ്ടായ അണുബാധയെ തുടർന്നു കാഴ്ച നഷ്ടപ്പെടുകയായിരുന്നു. നാലു മാസമായി ശ്രീഹരിക്ക് സ്കൂളിൽ പോകാനായിട്ടില്ല.

സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം ഇങ്ങനെ: ശ്രീഹരി ക്ലാസിലിരിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന പെൻസിൽ കണ്ണിൽ കൊണ്ടു. ടീച്ചർമാർ നോക്കിയെങ്കിലും മുറിവൊന്നും കണ്ടില്ല. ശ്രീഹരിയുടെ അമ്മയാണ് എന്നും കുട്ടിയെ വിളിക്കാനെത്തുന്നത്. അമ്മയോട് അധ്യാപകർ കാര്യം പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകാനും നിർദേശിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ല. ചികിത്സയ്ക്കു പണം വാഗ്ദാനം ചെയ്തിട്ടില്ല. പരാതി പിൻവലിക്കാൻ വാഗ്ദാനവും നൽകിയിട്ടില്ല.