ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നിനിന്ന ഗബ്രിയേൽ ജെസ്യൂസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയിട്ടും പതറാതെ കളിച്ച ബ്രസീൽ കോപ്പ അമേരിക്ക ചാംപ്യൻമാർ. വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ പൊരുതിനിന്ന പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ആതിഥേയരായ ബ്രസീൽ കിരീടത്തിൽ മുത്തമിട്ടത്. ആദ്യപകുതിയിൽ ബ്രസീൽ 2–1ന് മുന്നിലായിരുന്നു. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു പെറുവിന്റെ ആശ്വാസഗോൾ. 44–ാം മിനിറ്റിൽ ഗ്യുറെയ്റോ പെനൽറ്റിയിൽനിന്നു നേടിയ ഈ ഗോൾ, ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളുമായി.

പരിശീലകൻ ടിറ്റെയ്ക്കു കീഴിൽ പുത്തൻ വിജയചരിതവുമായി മുന്നേറുന്ന ബ്രസീലിന്റെ ഒൻപതാം കോപ്പ അമേരിക്ക കിരീടമാണിത്. പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രസീൽ കോപ്പയിൽ കിരീടം സ്വന്തമാക്കുന്നത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. മാത്രമല്ല, ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം ചൂടിയെന്ന റെക്കോർഡും ബ്രസീൽ കാത്തു. മൂന്നു ഗോളുമായി ബ്രസീൽ താരം എവർട്ടനാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്സും നേടി.

നേരത്തെ, എവർട്ടൻ നേടിയ ബ്രസീലിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ ജെസ്യൂസ് രണ്ടാം ഗോൾ നേടി മിന്നി നിൽക്കുമ്പോഴാണ് രണ്ടാം മഞ്ഞക്കാർഡുമായി പുറത്തു പോകേണ്ടി വന്നത്. മൽസരത്തിന്റെ 70–ാം മിനിറ്റിലായിരുന്നു ഇത്. ഇതോടെ 10 പേരുമായാണ് ബ്രസീൽ അവസാന 20 മിനിറ്റ് കളിച്ചത്. ആത്മവിശ്വാസം വിടാതെ പൊരുതിയ അവർ 10 പേരുമായി കളിച്ച് മൂന്നാം ഗോളും നേടി വിജയം ആധികാരികമാക്കുകയും ചെയ്തു. മൽസരത്തിന്റെ ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് മേടിച്ച ജെസ്യൂസിന്, 70–ാം മിനിറ്റിൽ വീണ്ടും മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് മാർച്ചിങ് ഓർഡർ ലഭിച്ചത്. പെറു താരം സാംബ്രാനോയെ ഫൗൾ ചെയ്തതിനാണ് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും ലഭിച്ചത്. കണ്ണീരോടെയാണ് താരം കളം വിട്ടത്.

  ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും, മന്ത്രി പദത്തില്‍ ശോഭിക്കാനാകട്ടെ...! മന്ത്രി മുഹമ്മദ് റിയാസിന് ആശംസകളുമായി പ്രതിപക്ഷത്തുനിന്നും ഒരു ശബ്ദം