ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഒരു വ്യാപാര കരാർ നേടിയെടുക്കാൻ ബ്രിട്ടന് മുമ്പിൽ ഇനി രണ്ടാഴ്ച മാത്രമാണ് സമയമുള്ളത്. ബ്രെക്‌സിറ്റ് വ്യാപാര കരാർ ചർച്ചകൾ ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണെന്നും യൂറോപ്യൻ യൂണിയൻ നിലപാട് ഗണ്യമായി മാറ്റിയില്ലെങ്കിൽ വ്യാപാര കരാർ സാധ്യമാകില്ലെന്നും ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിനോട് പറഞ്ഞു. ഇരുവരും ഇന്നലെ വൈകുന്നേരം ഫോണിലൂടെ സംസാരിക്കുകയുണ്ടായി. ചർച്ചയിപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് നിലകൊള്ളുന്നതെന്ന് ജോൺസൻ വ്യക്തമാക്കി. സമയം വളരെ കുറവാണെന്നും അതുകൊണ്ട് യൂറോപ്യൻ യൂണിയന്റെ നിലപാട് മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. ന്യായമായ യൂറോപ്യൻ യൂണിയൻ അഭ്യർത്ഥനകൾ ഉൾക്കൊള്ളാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ജോൺസൻ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ബ്രസ്സൽസ് ചട്ടങ്ങളുമായി ബ്രിട്ടന് കൂടുതൽ ബന്ധമുണ്ടാകരുതെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. മത്സ്യബന്ധന വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ നിലപാട് “ന്യായയുക്തമല്ല” എന്ന് ജോൺസൺ അപലപിച്ചു. കുറച്ച് സമയം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “ഒരു കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവർ സുഹൃത്തുക്കളായി തുടരും. തുടർന്ന് യുകെ, യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയൻ രീതിയിലുള്ള വ്യാപാരത്തിൽ ഏർപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ബന്ധം പുലർത്താൻ ഇരുനേതാക്കളും സമ്മതിച്ചു.

“നിരവധി വിഷയങ്ങളിൽ കൈവന്ന പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എങ്കിലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. അതൊരു വലിയ വെല്ലുവിളിയാണ്.” ഫോൺ കോളിന് ശേഷമുള്ള പ്രസ്താവനയിൽ വോൺ ഡെർ ലെയ്ൻ പറഞ്ഞു. നാളെ ചർച്ചകൾ തുടരുമെന്നും അവർ അറിയിച്ചു. ജോൺസന്റെയും മിസ് വോൺ ഡെർ ലെയ്‌ന്റെയും ഫോൺ കോളിന് ശേഷം ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെന്നും സമയം വളരെ കുറവാണെന്നും ലോർഡ് ഫ്രോസ്റ്റ് മുന്നറിയിപ്പ് നൽകി. അതേസമയം, ക്രിസ്മസ് അവധിക്കായി വ്യാഴാഴ്ച പാർലമെന്റിൽ നിന്ന് എംപിമാരെ നാട്ടിലേക്ക് അയച്ചിരുന്നു. ജനുവരി 5 വരെ അവർക്ക് വെസ്റ്റ്മിൻസ്റ്ററിലേക്ക് മടങ്ങേണ്ടതില്ല. എന്നിരുന്നാലും അടുത്താഴ്ച തന്നെ പാർലമെന്റിനെ തിരിച്ചുവിളിക്കുമെന്നും ഡിസംബർ 31ന് മുമ്പായി വ്യാപാര കരാർ നേടിയെടുക്കാൻ ശ്രമിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.