ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി. റഷ്യൻ വാർത്ത ഏജൻസികളാണ് വാർത്ത പുറത്തുവിട്ടത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരമായ രോഗത്തെ തുടർന്ന് ചികിത്സയിലാണെന്ന് അദ്ദേഹത്തിൻെറ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. ദീർഘകാലമായി വൃക്കസംബന്ധമായ രോഗങ്ങൾ മൂലം കഷ്ടപെട്ടിരുന്ന ഇദ്ദേഹം മഹാമാരിയുടെ കാലയളവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചി‍ൽ ഇല്ലാതെ അവസാനിപ്പിക്കുന്നതിൽ ഗൊർബച്ചേവ് നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജർമനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊർബച്ചേവിന്റെ നടപടികൾ വഴിതെളിച്ചു. ഏഴ് വർഷത്തിൽ താഴെ മാത്രം അധികാരത്തിലിരുന്നിട്ടും ഗോർബച്ചേവ് ജർമ്മനിയുടെ പുനരേകീകരണം, പോളണ്ട്, ഉക്രെയ്ൻ, ബാൾട്ടിക് റിപ്പബ്ലിക്കുകൾ ഉൾപ്പെടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ വിമോചനം എന്നി തീരുമാനങ്ങൾക്ക് വഴിതെളിച്ചു .

1985ൽ അധികാരമേറ്റ ഗൊർബച്ചോവ് രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികൾ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവൽക്കരണമായ പെരിസ്ട്രോയിക്കയും. ഗൊർബച്ചേവിന്റെ ഈ നടപടികൾ ഒന്നും തന്നെ വിജയം കണ്ടിരുന്നില്ല. ആറു വർഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം കൊണ്ടുവന്ന ഭരണപരിഷ്കരണ നടപടികളാണ് ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.