ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യാന്തര യാത്രകൾ ആരംഭിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിനായി മിക്ക രാജ്യങ്ങളും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. രോഗവ്യാപനം തീവ്രമായിട്ടുള്ള റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് അല്ലെങ്കിലും യുകെയിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധിതമാണ്. വിമാനത്താവളങ്ങളിൽനിന്ന് നിർദ്ദിഷ്ട ഹോട്ടലിലേയ്ക്കുള്ള ദൂരം, ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ, ഭക്ഷണം എന്നിവയെക്കുറിച്ച് ഒട്ടേറെ പരാതികൾ ആണ് എല്ലാ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ബ്രിട്ടനിൽ നിന്നുള്ള നേഴ്‌സിംഗ് വിദ്യാർഥിനി പങ്കുവെച്ച തൻറെ അനുഭവം

അക്ഷരാർത്ഥത്തിൽ നരകയാതനയാണ് തനിക്ക് നേരിടേണ്ടതായി വന്നതെന്ന് നഴ്സിങ് വിദ്യാർഥിനിയായ സോഫി ബർജ്ജ് പറഞ്ഞു. തന്നെ പാർപ്പിച്ച സ്പാനിഷ് ക്വാറന്റീൻ ഹോട്ടലിനേക്കാൾ ജയിലിൽ കഴിയുന്നതായിരുന്നു ഭേദമെന്നാണ് മിസ്സ് ബർജ്ജ് അഭിപ്രായപ്പെട്ടത്. വെയിൽസിലെ ബാരിയാണ് 22 -കാരിയായ സോഫി ബർജ്ജിൻെറ സ്വദേശം. സോഫി സ്പെയിനിലെ മജോർക്കയിൽ അവധി ആഘോഷിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് കോവിഡ് പോസിറ്റീവായത്.

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വരെ തനിക്ക് യാചിക്കേണ്ടി വന്നുവെന്ന് സോഫി പറഞ്ഞു. കോവിഡ് പോസിറ്റീവായ തൻെറ ആരോഗ്യസ്ഥിതിയെക്കുറിച്ച് പിന്നീട് ഒരു പരിശോധനയും ലഭ്യമാക്കിയില്ല. പലപ്പോഴും നൽകിയ ഭക്ഷണം തണുത്തുറഞ്ഞതായിരുന്നു. നിവൃത്തിയില്ലാതെ ഹോട്ടലിലെ താമസക്കാർ പരസ്പരം കയർ കെട്ടി വെള്ളവും ഭക്ഷണവും പങ്കുവെയ്ക്കേണ്ടതായി വന്ന അവസ്ഥ വരെ ഉണ്ടായി . അക്ഷരാർത്ഥത്തിൽ വിശന്ന് കരയേണ്ട അവസ്ഥ തനിക്ക് സംജാതമായി എന്നാണ് സോഫി തൻെറ അനുഭവം പങ്ക് വച്ചത്. സ്പെയിൻ നിലവിൽ യുകെയുടെ ആംബർ ലിസ്റ്റിലാണ്.