ലണ്ടന്‍: ബ്രെക്‌സിറ്റി പരിവര്‍ത്തന കാലത്തേക്ക് രൂപീകരിച്ച കരാറുകളില്‍ യുകെ യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ആരോപണം. മുതിര്‍ന്ന നിയമവിദഗ്ദ്ധരാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരാറുകള്‍ ക്രമാനുഗതമായ പിന്‍വാങ്ങലില്‍ നിര്‍ണ്ണായകമാണെന്ന് മിഷേല്‍ ബാര്‍ണിയറും ഡേവിഡ് ഡേവിസും വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് 29 മുതല്‍ 2020 ഡിസംബര്‍ വരെയായിരിക്കും പരിവര്‍ത്തനകാലഘട്ടെന്ന് അംഗീകരിക്കുന്ന ഉടമ്പടി പക്ഷേ ഐറിഷ് അതിര്‍ത്തി പോലെയുള്ള ചില വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ നിശബ്ദത പാലിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു.
ഈ കരാര്‍ ലളിതമായി പറഞ്ഞാല്‍ ഒരു വോക്ക് ഔട്ട് ആണെന്നാണ് നിയമവിദഗ്ദ്ധനായ ഡേവിഡ് അലന്‍ ഗ്രീന്‍ പറയുന്നത്. കരാര്‍ അനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ നിലനില്‍ക്കും. ബ്രെക്‌സിറ്റ് പേരില്‍ മാത്രമായി ചുരുങ്ങും. ഔദ്യോഗികമായി യൂണിയനില്‍ അംഗമല്ലെങ്കിലും യൂണിയനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും യുകെ പങ്കാളികളാകുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതായത് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒരു ബ്രെക്‌സിറ്റാണ് നടക്കാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
2017 ഏപ്രിലില്‍ യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ കരാറില്‍ ഉള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ സമ്മറില്‍ കരാറില്‍ ഒപ്പിട്ടാലും ഒന്നും സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ ഏഴ് വാഗ്ദാനങ്ങള്‍ ഈ കരാറിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഓപ്പണ്‍ ബ്രിട്ടന്‍ വിമര്‍ശിക്കുന്നു. സ്വതന്ത്ര സഞ്ചാരം, ഫിഷറീസിലെ നിയന്ത്രണം ഏറ്റെടുക്കല്‍, രണ്ട് വര്‍ഷത്തെ കരാര്‍ നടപ്പാക്കല്‍ സമയം, 2019 മാര്‍ച്ചിന് ശേഷം യൂണിയന് പണം നല്‍കില്ല, തുടങ്ങിയ വാഗ്ദാനങ്ങളാണ് ലംഘിക്കപ്പെട്ടതെന്നും ഓപ്പണ്‍ ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നു.
യൂറോപ്യന്‍ യൂണിയന്‍ കരട് കരാര്‍ തെരേസ മേയ് തിരസ്‌കരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ കരാര്‍ നിലവില്‍ വരുന്നത്. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ പലതും ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
Leave a Reply