ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഫൈസര്‍ വാക്‌സീന്‍ നേരത്തേ തന്നെ യുകെയില്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചായി യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നൂറ് ദശലക്ഷം ഡോസ് വാക്സിനാണ് ബ്രിട്ടൻ ഓർഡർ ലൽകിയിരിക്കുന്നത്.

“ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർ‌എ) ശുപാർശ സർക്കാർ അംഗീകരിച്ചു,” ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് മഹാമാരി ഇതിനകം തന്നെ ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകളുടെ ജീവൻ കവരുകയും, ആഗോള സമ്പദ്‌വ്യവസ്ഥ തകർക്കുകയും ചെയ്തു കഴിഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ബ്രിട്ടനും ദക്ഷിണാഫ്രിക്കയും. ഇത് വ്യാപനശേഷി കൂടിയ വൈറസാണ്. പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള അതിർത്തി അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠിക്കുകയാണെന്നും തങ്ങളുടെ വാക്സിൻ ഇതിനെതിരെ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്ട്രാസെനക്കയും മറ്റ് വാക്സിൻ നിർമാതാക്കളും പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ആരോപിക്കപ്പെടുന്ന ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡ് ടീമിനും റെഗുലേറ്ററി അംഗീകാരം കൂടുതൽ ഊർജം പകരുന്നതാണ്.

വാക്സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 70.4% ആണെന്ന് ആ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നു. ഇന്ത്യയിലും ഓക്‌സ്‌ഫോർഡ് വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.