ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ട് വല്യപാവാടയും ബ്ലൗസും ഇടാൻ വളരെ കൊതിയുള്ളൊരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു . നാട്ടുകാരുടെ ചൂഴ്ന്നനോട്ടം ഭയന്നവൾ സ്‌കൂളെത്തും വരെ അവളുടെ അടിവസ്ത്രം പിന്നുകൊണ്ടു കുത്തി ഒതുക്കി വച്ചും, ബുക്കൾകൊണ്ട് മറച്ചും ശ്വാസം അടക്കിപ്പിടിച്ചു നടന്നിരുന്നൊരു കൂട്ടുകാരി …ആ അതെ നാട്ടിലാണ് ഈയിടെ നമ്മുടെ പെൺകുഞ്ഞുങ്ങളെക്കൊണ്ട് തുണിയുരിപ്പിച്ചു പരീക്ഷ എഴുതിപ്പിച്ചത് …

എന്നിരുന്നാലും മേലധികാരികളെ തെറി പറയും മുമ്പ് നീറ്റ്‌ പരീക്ഷയുടെ റൂൾസ് ആൻഡ് റെഗുലേഷനിൽ ഇന്നതരം വസ്ത്രങ്ങൾ ഇടാൻ പാടില്ലായെന്ന് പറഞ്ഞിട്ടുണ്ടോ എന്നറിയേണ്ടതുണ്ട് . കാരണം പറയുന്നതിന് നേർ വിപരീതം കാണിക്കുകയെന്നത്‌ നമ്മൾ മനുഷ്യരിൽ ചിലരുടെ ഒഴിച്ചുകൂട്ടാനാകാത്ത സ്വഭാവങ്ങളിൽ ഒന്നാണ് .

ഇനി അഥവാ പരീക്ഷയുടെ നിയമാവലികളിൽ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞിട്ടില്ലെങ്കിൽ കുട്ടികളോട് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ് . കാരണം വന്ന് വന്ന് നമ്മുടെ കേരളം ഓരോദിവസവും പലരീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . നൂറു ശതമാനം സാക്ഷരത പട്ടം മേടിച്ച, ലോഡുകണക്കിന് ഡോക്ടർമാരും നേഴ്സുമാരും ബിരുദാനന്ത ബിരുദധാരികളുമുള്ള നമ്മുടെ പാവക്കപോലത്തെ കൊച്ചു കേരളത്തിൽ നമ്മുടെ പുതുതലമുറ പെൺകുഞ്ഞുങ്ങൾ അടുത്തതലമുറയിലേക്ക് കുഞ്ഞുങ്ങളെ പെറ്റുവളർത്തി കൊണ്ടുവരേണ്ടവർ , കാർന്നോന്മാർ ദേവിയെന്ന് പട്ടം കൊടുത്താലങ്കരിച്ചവർ , നാളത്തെ കേരളത്തിന്റെ ഹൃദയസ്തംഭനം നോക്കേണ്ടവരുടെ ഹൃദയം തല്ലിചതപ്പിച്ചു നീറ്റു പരീക്ഷ നല്ല നീറ്റായി തന്നെ അവരെക്കൊണ്ട് തുണിയില്ലാതെ എഴുതി തീർപ്പിച്ചതിൽ തലകുനിക്കേണ്ടിവരും ….

എവിടെയാണ് കേരളമേ നിന്റെ ദേവി സങ്കൽപം ?
എവിടെയാണ് കേരളമേ നീ നേടിയെടുത്ത കൊട്ടപ്പടി വിദ്യാഭ്യാസം ?
എവിടാണ് നിന്റെ സാംസ്‌കാരിക പൈതൃകം ?
എവിടാണ് നീ വാതോരാതെ സംസാരിക്കുന്ന സ്ത്രീ സമസ്ത്വം , സ്ത്രീ സ്വാതന്ത്രം, സ്ത്രീ സുരക്ഷ?…

ഇന്ന് നമ്മൾക്ക് കണ്ടു പരിചയമുള്ള ആ കേരളം മരിച്ചു ..പണക്കൊതിയും, സ്ഥാന കൊതിയും , ജാതി കോമരങ്ങളും ,ലൈംഗിക അഭിനിവേശവും , വെറുപ്പും വിദ്വേഷവുമെല്ലാം കൂടി നമ്മുടെ കുഞ്ഞു കേരളത്തെ വലിച്ചു കീറി തേച്ചൊട്ടിച്ചിരിക്കുന്നു . ജീവനിൽ കൊതിയുള്ള പുതു തലമുറ പണം കടമെടുത്തും ഇന്ത്യയല്ല “കേരളം ” വിടുന്നു . ഇതിനെല്ലാമൊരു അറുതിവരണമെങ്കിൽ , ആവതില്ലാത്തവനെ കൊണ്ടിനിയും വഞ്ചി തുഴയിപ്പിക്കരുത് …പുതുതലമുറ , പണക്കൊതി ഇല്ലാത്തവൻ , മറ്റുള്ളവരുടെ മുഖവും ജാതിയും തിരിച്ചറിയാതെ ശിക്ഷണം നടപ്പിലാക്കാൻ കഴിവുള്ളവൻ അധികാരം കയ്യിലെടുക്കണം . അല്ലെങ്കിൽ നമ്മുടെ അപ്പനമ്മാർ ആ പാവക്കത്തോട്ടത്തിൽ കിടന്ന് കയ്പുനീര് കുടിച്ചു മരിക്കേണ്ടിവരും …