ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അജ്ഞാതനായ അക്രമി കുത്തി പരിക്കേൽപിച്ചു. അക്രമിയെ ഉടൻ പൊലീസ് വെടിവച്ചുവീഴ്ത്തി കീഴ്പ്പെടുത്തി. പാർലമെന്റിനു നേരെയുള്ള ഭീകരാക്രമണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്നുണ്ടായ തിക്കലും തിരക്കിലും ഏതാനുംപേർക്ക് പരുക്കുണ്ട്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്.
ഹൗസ് ഓഫ് കോമൺസ് സമ്മേളനത്തിലുമായിരുന്നു. പാർലമെന്റിനുള്ളിലുള്ളവരോട് അവിടെത്തന്നെ തുടരാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. പാർലമെന്റ് മന്ദിരവും പരിസരപ്രദേശങ്ങളുമെല്ലാം സായുധരായ പൊലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷിതത്വത്തിലാണ്.എംപിമാരും മന്ത്രിമാരും പാർലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു കാവൽനിന്ന പോലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്ക് പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസുകാരനെ കുത്തിയ ഉടനെ അടുത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു.
കാറിലെത്തിയ അക്രമി താൻ ഓടിച്ചിരുന്ന കാർ പാർലമെന്റിനു സമീപത്തെ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറ്റിയശേഷമാണ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത്. ഈ സംഭവത്തിൽ ഫുട്പാത്തിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരു സ്ത്രീ പിന്നീട് ആശുപത്രിയിൽ മരിച്ചു.രാജ്യത്തെ നടുക്കിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ വ്യക്തമായി വരുന്നതേയുള്ളു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വ്യക്തമല്ല