യുകെയിലെത്തുന്ന മലയാളികളിൽ മിക്കവരും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. യുകെയിൽ എത്താൻ വേണ്ടി മാത്രം ഹെൽത്ത് കെയർ വിസയിൽ എത്തിയ മലയാളികളും ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഹെൽത്ത് കെയർ വിസയിൽ എത്തിയവർക്ക് രണ്ടാമതൊരു ജോലി ചെയ്യാനുള്ള അനുമതി ഒട്ടേറെ യു കെ മലയാളികൾക്ക് പ്രയോജനം ആകും. യുകെയിൽ ഹെൽത്ത് കെയര്‍ വീസയില്‍ എത്തിയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്കാണ് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകിയത് . ഫെബ്രുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അനുമതി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനാണ് ഹോം ഓഫീസ് ഇളവുകൾ നൽകിയിട്ടുള്ളത്.

ആറുമാസം ഇത്തരത്തിൽ ഇളവുകൾക്ക് യോഗ്യത ഉള്ളവർക്ക് സമയ പരിധി ഇല്ലാതെ നിയമപരമായി ജോലി ചെയ്യാം. മുൻപ് 20 മണിക്കൂർ മാത്രമേ രണ്ടാമതൊരു ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നുള്ളു. നിലവില്‍ ആറു മാസത്തേക്കാണ് ഇപ്പോൾ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് കൂടുതല്‍ നാള്‍ തുടരണമോ എന്ന കാര്യത്തിൽ പുനരവലോകനം നടത്തി തീരുമാനമെടുക്കും.

രണ്ടാമതൊരു ജോലി ചെയ്യുന്നതിനുള്ള ഇളവുകൾ ലഭിക്കുന്നതിനായി വിസ അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കണം. എന്നാൽ, നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയറുടെ കീഴിൽ അധിക ജോലി ചെയ്യുന്നതിന് വീസ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. എന്നിരുന്നാലും ഹെല്‍ത്ത് കെയര്‍ വിസ ഉടമകള്‍ ഹോം ഓഫീസുമായി ബന്ധപ്പെട്ട് അവരവരുടെ യോഗ്യത ഉറപ്പു വരുത്തണമെന്ന് ഹോം ഓഫീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭിക്കും .

https://www.gov.uk/health-care-worker-visa/taking-a-second-job