ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 135 ബില്യൺ പൗണ്ട് വിലമതിക്കുന്ന യുകെ ബിസിനസുകൾ, ഇൻഫ്രാസ്ട്രക്ചർ, പ്രോപ്പർട്ടി, മറ്റ് ആസ്തികൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ ചൈനീസ് നിക്ഷേപകർ സ്വരൂപിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്‌. 200 ഓളം ബ്രിട്ടീഷ് കമ്പനികളെ ചൈനീസ് നിക്ഷേപകരാണ് നിയന്ത്രിക്കുന്നതെന്നും അവരെ ന്യൂനപക്ഷ ഓഹരി ഉടമകളായി കണക്കാക്കുന്നുവെന്നും അന്വേഷണം വെളിപ്പെടുത്തുന്നു. സൺ‌ഡേ ടൈംസ് കണ്ടെത്തിയ 200 നിക്ഷേപങ്ങളിൽ 80 ലധികം എണ്ണത്തിലെ ബ്രിട്ടീഷ് – ചൈന ബന്ധം 2019 മുതൽ വഷളായികൊണ്ടിരിക്കുകയാണ്. തേംസ് വാട്ടർ, യുകെ പവർ നെറ്റ്‌വർക്കുകൾ, ഹീത്രോ എയർപോർട്ട് എന്നിവയുൾപ്പെടെയുള്ള നിർണായക ബിസിനസുകളുടെ ഓഹരികൾ ചൈനീസ്, ഹോങ്കോംഗ് കമ്പനികളോ നിക്ഷേപകരോ സ്വന്തമാക്കിയിട്ടുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി.

എഫ്‌ടി‌എസ്‌ഇയുടെ 100 സ്ഥാപനങ്ങളിൽ കുറഞ്ഞത് 57 ബില്യൺ പൗണ്ട് ചൈനീസ് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 134 ബില്യൺ പൗണ്ടിൽ 44 ബില്യൺ പൗണ്ട് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. പ്രശസ്ത സ്വകാര്യ സ്കൂളുകളായ തെറ്റ് ഫോർഡ് ഗ്രാമർ സ്കൂൾ, ബോർനെമൗത്ത് കൊളീജിയറ്റ് കോളേജ് തുടങ്ങിയവയിലും ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മെയിൽ ഓൺ സൺ‌ഡേ റിപ്പോർട്ട്‌ ചെയ്തു. സർക്കാരുകൾ തുടർച്ചയായ നിരീക്ഷണത്തിൽ ആണെന്ന് തെളിയിക്കുന്നതാണ് ഈ അന്വേഷണ റിപ്പോർട്ടുകളെന്ന് മുൻ കൺസർവേറ്റീവ് പാർട്ടി നേതാവ് സർ ഇയാൻ ഡങ്കൻ സ്മിത്ത് പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അവശേഷിക്കുന്ന നൂറുകണക്കിന് സ്വതന്ത്ര വിദ്യാലയങ്ങൾ ചൈനീസ് നിക്ഷേപകർ ലക്ഷ്യമിടുന്നതെങ്ങനെയെന്ന് ഈ വർഷം തുടക്കത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനേഴ് സ്കൂളുകൾ ഇതിനകം ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ വർഷം, ചൈനീസ് കമ്പനികൾ സ്റ്റാഫോർഡ്ഷയറിലെ ലിച്ച്ഫീൽഡിനടുത്തുള്ള അബോട്ട്സ് ബ്രോംലി സ്കൂൾ ഉൾപ്പെടെ മൂന്ന് സ്കൂളുകൾ വാങ്ങിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത അംഗങ്ങൾ ബ്രിട്ടന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചൈനയുടെ ആഗോള സാമ്പത്തിക, രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ ബെൽറ്റ് ആൻഡ് റോഡ് തന്ത്രത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സഹായിക്കുന്നതിന് ബ്രിട്ടീഷ് സ്കൂളുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്നു.