ലണ്ടന്‍: ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും യുകെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ക്യാന്‍സറില്‍ നിന്ന് രക്ഷ നേടുന്നവരുടെ നിരക്ക് യുകെയില്‍ കുറവാണെന്നും മരുന്ന് ഉദ്പാദകരുടെ സംഘടന പറയുന്നു. വന്‍കുടല്‍, ശ്വാസകോശം, സ്തനം, അണ്ഡാശയം, പ്രോസ്‌റ്റേറ്റ്, വൃക്ക എന്നിവയിലുള്‍പ്പെടെ ബാധിക്കുന്ന 10 തരം ക്യാന്‍സറുകൡ 9ല്‍ നിന്നും മോചനം നേടുന്നവരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കുറവാണ്.
ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ നിന്ന് മുക്തി നേടുന്നതില്‍ ഏറ്റവും മോശം പ്രകടിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് യുകെയെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വീഡിഷ് ഗവേഷകര്‍ നല്‍കുന്ന വിവരം അനുസരിച്ച് നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ചെലവിടുന്ന തുകയുടെ 20 ശതമാനം കുറവാണ് യുകെ ചെലവഴിക്കുന്നത്. ജര്‍മനിയുടെ രോഗമുക്തി നിരക്ക് യുകെ കൈവരിച്ചാല്‍ ക്യാന്‍സര്‍ നിര്‍ണ്ണയം കഴിഞ്ഞ 35,000 രോഗികളെങ്കിലും അതിനു ശേഷം 5 വര്‍ഷത്തോളം ജീവിച്ചിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫ്രാന്‍സിന്റെ ക്യാന്‍സര്‍ മരണ നിരക്ക് യുകെ കൈവരിക്കുകയാണെങ്കില്‍ രോഗബാധിതരായ 1,00,000 സ്ത്രീകളുടെ മരണങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ കഴിയും. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ അവതരിപ്പിക്കപ്പെട്ട ക്യാന്‍സര്‍ മരുന്നുകളില്‍ 10 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. അതായത് യുകെയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പഴയ ക്യാന്‍സര്‍ മരുന്നുകളാണെന്ന് സംഘടന പറയുന്നു.
Leave a Reply