അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് വ്യാപനം തടയാൻ യുകെയിൽ ആദ്യത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ രാജ്യം മഹാമാരി കവർന്നെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തെ ജനങ്ങൾ വാതിൽപ്പടിയിൽ മെഴുകുതിരികൾ തെളിയിച്ച്‌ ഒത്തുചേർന്നത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പുതുചരിത്രമായി. തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരോടുള്ള അനുശോചനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു . അപൂർവ്വമായ പരസ്യ പ്രസ്താവനയിലൂടെ എലിസബത്ത് രാജ്ഞി ഉറ്റവരെ നഷ്ടപ്പെട്ട ജനങ്ങളുടെ ദു:ഖത്തിൽ പങ്കുചേർന്നു. ഇന്നലെ രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിക്കുന്നതിനായി ആയിരക്കണക്കിന് ആൾക്കാരാണ് തങ്ങളുടെ വീടു വാതിൽക്കൽ എത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 126,000 പേരുടെ ജീവനാണ് മഹാമാരി കവർന്നെടുത്തത്.

ലോകത്തിലെതന്നെ അഞ്ചാമത്തെ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യം ബ്രിട്ടനായിരുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതും ബ്രിട്ടനിലായിരുന്നു. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും രോഗവ്യാപനവും മരണനിരക്കും കുറച്ചതിൻ്റെ ‘ ആശ്വാസത്തിലാണ് രാജ്യം. യുകെയിലെ മരണനിരക്ക് 5 വർഷത്തെ ശരാശരി മരണ നിരക്കിലും താഴെയാണെന്ന ശുഭവാർത്ത രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡിൻ്റെ രണ്ടാം തരംഗത്തെ രാജ്യം കീഴടക്കിയതിലും ലോക് ഡൗണും പ്രതിരോധ കുത്തിവെയ്പ്പും രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിലുള്ള സന്തോഷത്തിലാണ് കോവിഡിൻെറ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർ.