കോവിഡ് വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ. പരീക്ഷണത്തിനായി മുന്നോട്ട് വരുവാൻ ആഗ്രഹം പ്രകടിപ്പിച്ച് അനേകർ. ജനുവരിയിൽ പരീക്ഷണം ആരംഭിക്കുമെന്ന് സൂചന

കോവിഡ് വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ. പരീക്ഷണത്തിനായി മുന്നോട്ട് വരുവാൻ ആഗ്രഹം പ്രകടിപ്പിച്ച് അനേകർ. ജനുവരിയിൽ പരീക്ഷണം ആരംഭിക്കുമെന്ന് സൂചന
September 25 06:33 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊറോണ വൈറസിനെ തുരത്താനുള്ള ഒരു വാക് സിനായി തീവ്രശ്രമത്തിലാണ്. എന്നാൽ ഇതുവരെയും ഫലപ്രദമായ വാക് സിൻ ലഭിച്ചിട്ടില്ല. ലോകത്തിൽ ആദ്യമായി കൊറോണ വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ എത്തുകയാണ്. വാക് സിൻ പരീക്ഷണത്തിനായി മുമ്പോട്ട് വരുന്ന നിരവധി സന്നദ്ധപ്രവർത്തകർ മനഃപൂർവം രോഗബാധിതരാകും. ലണ്ടനിലാവും ഈ പരീക്ഷണങ്ങൾ നടക്കുക. ഇത്തരം ‘ഹ്യൂമൻ ചലഞ്ച് സ്റ്റഡി’യിലൂടെ വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയാണെന്ന് യുകെ സർക്കാർ അറിയിച്ചു. എന്നാൽ ഇതുവരെയും കരാറുകളൊന്നും ഒപ്പിട്ടിട്ടില്ല. രോഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും മികച്ച വാക് സിൻ ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. പൂർണ്ണ ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് അപകടസാധ്യത കുറവായിരിക്കും. അതിനാൽ തന്നെ പരീക്ഷണത്തിനായി അവരാണ് മുമ്പോട്ട് എത്തുക.

ജനുവരിയിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നതാണ് പ്രാഥമിക വിവരങ്ങൾ. പരീക്ഷണത്തിന് സന്നദ്ധരായി എത്തുന്നവരിൽ ആദ്യം കൊറോണ വൈറസ് കുത്തിവയ്‌ക്കും. പിന്നീടാണ് അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നത്. കൊറോണ വൈറസ് വാക്‌സിനുകളുടെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ ഇത് സഹായിക്കും. സർക്കാർ ധനസഹായത്തോടെയാണ് പഠനം നടക്കുക. ഇൻഫ്ലുവൻസ, കോളറ, ടൈഫോയ് ഡ് എന്നിവയ്ക്കുള്ള വാക് സിനുകൾ പരീക്ഷിക്കാൻ ഇത്തരം ചലഞ്ച് ട്രയലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും സന്നദ്ധപ്രവർത്തകർ രോഗബാധിതരാകുന്നത് തടയാൻ ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നു. കൊറോണ വൈറസ് അപകടകരമാണെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

പരീക്ഷണത്തിനായി ഏത് വാക് സിൻ ആണ് ഉപയോഗിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാൽ അസ്ട്രാസെനെക്കയും സനോഫിയും ഈ പരീക്ഷണത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. കൊറോണ വൈറസ് വാക് സിൻ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും അതിവേഗം നടന്നുവരികയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിലവിൽ 36 വാക്സിനുകൾ ഉണ്ട്. ഒരെണ്ണം ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരീക്ഷണത്തിന്റെ വിപുലമായ ഘട്ടത്തിലാണിത്. വിജയകരമായ ഒരു വാക് സിൻ, സാമൂഹ്യ – ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാകുന്നതിൽ മുഖ്യ പങ്കു വഹിക്കുമെന്നിരിക്കെ ലോകജനത അതിനായുള്ള കാത്തിരിപ്പിലാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles