ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന നടപടികൾ അനുവദിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ്. കഴിഞ്ഞ മാസം ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ അംബാസഡർ സെയ്ദ് അലി മൗസവിയെ ബ്രിട്ടൻ വിളിച്ചുവരുത്തി. ഇറാന്റെ ക്രിമിനൽ ശൃംഖലകൾ, പിന്തുണയുള്ള സായുധസംഘങ്ങൾ, ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ബ്രിട്ടന്റെ സുരക്ഷ തകർക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മിലിബാൻഡ് വ്യക്തമാക്കി.

ഗ്ലോസ്റ്റർഷെയറിലെ വ്യോമതാവളവുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡായിരിക്കാമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം നേരെത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു . ഇറാനിൽ കഴിയുന്ന വ്യക്തിയാണ് സംഭവത്തിന്റെ ഏകോപനം നടത്തിയതെന്നാണ് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയത്. എന്നാൽ സംഭവത്തിൽ ഇറാന് പങ്കില്ലെന്ന് അംബാസഡർ മൗസവി തമാശ വ്യക്തമാക്കി. ബ്രിട്ടീഷ് അധികൃതരുമായി സഹകരിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഇറാന്റെ ചാരപ്രവർത്തന വിരുദ്ധ വിഭാഗത്തിന്റെ മേധാവി ഉൾപ്പെടെ രണ്ട് ഇറാനികൾക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. ഇരുവർക്കും യാത്രാവിലക്കും സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടിയും ബാധകമാകും.
ഇറാന്റെ പങ്ക് സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും ബേൺഹാം സൂചന നൽകി. അതേസമയം, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമനി എന്നിവയുൾപ്പെടെ 29 രാജ്യങ്ങൾ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. കൊലപാതക ഗൂഢാലോചനകൾ, തീവയ്പ്, അട്ടിമറി, സൈബർ ആക്രമണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇറാൻ ഏർപ്പെടുന്നതായി പ്രസ്താവനയിൽ ആരോപിച്ചു. ഫെയർഫോർഡ് വ്യോമതാവളത്തിലെ സംഭവത്തിൽ ഇറാന് പങ്കുണ്ടെന്ന ബ്രിട്ടന്റെ വിലയിരുത്തലിനെയും രാജ്യങ്ങൾ പിന്തുണച്ചു.











Leave a Reply