ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നലെ ബ്രിട്ടനിൽ ഔദ്യോഗിക കണക്കുപ്രകാരം 39,906 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17.8 ശതമാനം കുറവാണ്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ് താൽക്കാലികം മാത്രമാണെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ പോൾ ഹണ്ടറിൻെറ അഭിപ്രായത്തിൽ പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് കാണിക്കുന്നുണ്ട്. പക്ഷേ ജൂലൈ 19 -ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമുള്ള രോഗവ്യാപനം നിലവിലെ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വരും ആഴ്ചകളിൽ രോഗവ്യാപനം ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് മൂലം ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതു മൂലമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 16 മേഖലകളിൽ ജോലി ചെയ്യുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേയ്ക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.