ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ തെരുവുകളിൽ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചാവിഷയമാകുകയാണ്. ലണ്ടനിലെ കേറ്റർ പാർക്കിൽ വച്ച് 28 വയസ്സുകാരിയായ പ്രൈമറി സ്കൂൾ ടീച്ചർ സബീന നെസ്സായ് ക്കെതിരെ ആക്രമണം നടന്നതാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. സബീനയുടെ മൃതദേഹം കേറ്റർ പാർക്കിൽ ഇലകൾക്കിടയിൽ വഴിയാത്രക്കാരനാണ് കണ്ടെത്തിയത്. സബീനയുടെ നേരെ ആക്രമണം നടന്നതായും, ഇതാണ് മരണത്തിൽ കലാശിച്ചത് എന്നുമാണ് പോലീസ് അധികൃതരുടെ നിഗമനം. സബീനയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ഇയാളെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. സബീനയ്ക്ക് എതിരെ നടന്ന ആക്രമണം, സ്ത്രീകൾ ബ്രിട്ടണിലെ തെരുവുകളിൽ സുരക്ഷിതരല്ല എന്ന ആരോപണമാണ് ഉയർത്തുന്നത്.


മാർച്ചിൽ നടന്ന 33 കാരിയായ മാർക്കറ്റിങ് എക്സിക്യൂട്ടീവ് സാറ എവെർഅർഡിന്റെ മരണവും ജനങ്ങൾക്കിടയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു. സബീനയുടെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് അകലെയാണ് അവർ ആക്രമിക്കപ്പെട്ടത്. സെപ്റ്റംബർ പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സബീനയുടെ മൃതദേഹം വഴിയാത്രക്കാരിൽ ഒരാളാണ് കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായിട്ടില്ല.

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി നിരവധിപേർ ആരോപണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെടുന്നതായി പ്രതിഷേധങ്ങൾ നടത്തുന്നവർ വ്യക്തമാക്കി.