ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നഷ്ടപ്പെടുന്ന ഈ നൂറ്റാണ്ടിൽ 81 -മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് ദമ്പതികളായ റോൺ, ജോയ്സ് എന്നിവർ. ബ്രിട്ടനിലെ തന്നെ നിലവിൽ ഏറ്റവും കൂടുതൽ വർഷക്കാലം വിവാഹ ജീവിതം നയിച്ച ദമ്പതികളാണ് ഇവർ. 102 വയസ്സുള്ള റോണും, 100 വയസ്സുള്ള ജോയിസും 1941 ലാണ് വിവാഹിതരായത്. ആദ്യ കണ്ടുമുട്ടലിൽ തന്നെ പരസ്പരം ഇഷ്ടം തോന്നിയ ഇവർ പിന്നീട് വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഏയ്‌ലിൻ, ബിൽ എന്നീ രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. പരസ്പരമുള്ള സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും താങ്ങലിലൂടെയും ആണ് ഇത്രയും വർഷകാലം തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് റോൺ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു റോൺ.


ഇത്രയും വർഷക്കാലം തങ്ങളുടെ ജീവിതം തുടരാനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ജോയ്സ് പറഞ്ഞു. തങ്ങളുടെ ബന്ധത്തിൽ ആരും തലപ്പത്തല്ലെന്നും, പരസ്പരമുള്ള സഹകരണത്തിലൂടെ ആണ് ഇത്രയും വർഷക്കാലം ജീവിച്ചതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് ഊർജ്ജം പകർന്നു നൽകുന്നതാണ് തങ്ങളുടെ മാതാപിതാക്കളുടെ ബന്ധമെന്ന് മക്കളും കൊച്ചുമക്കളും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം എൺപതാമത് വിവാഹവാർഷികം ആഘോഷിച്ച ഇരുവർക്കും രാജ്ഞി പ്രത്യേകമായി അഭിനന്ദനങ്ങളും സമ്മാനങ്ങളും നൽകിയിരുന്നു. തുടർന്നും തങ്ങളുടെ ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഇരുവർക്കും സാധിക്കട്ടെ എന്ന ആശംസകളാണ് ജനങ്ങൾ ഇരുവർക്കും നൽകുന്നത്.