തിരുവനന്തപുരം: വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വക്കം, മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍(23) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി വിനായക് ആണ് പിടിയിലായത്. സംഘത്തിലെ മറ്റ് മൂന്നു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരികയാണ്. ഞായറാഴ്ചയാണ് ഷബീറും സുഹൃത്ത് ഉണ്ണികൃഷ്ണനും ആക്രമണത്തിനിരയായത്. വക്കം പുത്തന്‍നട ക്ഷേത്രത്തിനടുത്തുള്ള റെയില്‍വേ ഗേറ്റിനടുത്ത്ു വെച്ച് ബൈക്കില്‍ വരികയായിരുന്ന ഇവരെ സംഘം ആക്രമിക്കുകയായിരുന്നു.
ഒരു വര്‍ഷത്തിനു മുമ്പ് വക്കത്ത് ഘോഷയാത്രക്ക് കൊണ്ടുവന്ന ആനയെ വാലില്‍ പിടിച്ചു വലിച്ച് പ്രകോപിപ്പിച്ച് ഘോഷയാത്ര അലങ്കോലമാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവരേയും സംഘം ആക്രമിച്ചത്. മുമ്പ് പലതവണ ഇതേ വിഷയത്തില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ആക്രമിച്ചവരില്‍ ചിലരുടെ വീടിനു നേരേ കഴിഞ്ഞ ദിവസം കല്ലേറുണ്ടാകുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഉത്തരവാദികള്‍ ഷെബീറും ഉണ്ണികൃഷ്ണനുമാണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്.

ബൈക്ക് തടഞ്ഞു നിര്‍ത്തിയ അക്രമിസംഘം ഇരുവരേയും കമ്പുകളും മരക്കഷണവും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഷെബീര്‍ മരിച്ചു. ഉണ്ണികൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലവിലുള്ളതിനാല്‍ പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.