ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുറഞ്ഞ വരുമാനമുള്ളവർക്ക് ചെറിയ തുകകൾ മാറ്റിവച്ച് സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം സർക്കാർ ബോണസും നേടാൻ അവസരമൊരുക്കുന്ന ‘ഹെൽപ് ടു സേവ്’ പദ്ധതിയിൽ കൂടുതൽ പേർ ചേരണമെന്ന് ബ്രിട്ടിഷ് സർക്കാർ. നിലവിൽ യൂണിവേഴ്സൽ ക്രെഡിറ്റ് ലഭിക്കുന്ന തൊഴിൽ ചെയ്യുന്നവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 50 പൗണ്ട് വരെ നിക്ഷേപിക്കാനാകുന്ന അക്കൗണ്ടിൽ നാല് വർഷം കൊണ്ട് പരമാവധി 2400 പൗണ്ട് വരെ നിക്ഷേപിക്കാം. ഇതിന് 1200 പൗണ്ട് വരെ സർക്കാർ ബോണസായി ലഭിക്കും. നിക്ഷേപിക്കുന്ന ഓരോ ഒരു പൗണ്ടിനും 50 പെൻസ് വീതമാണ് ബോണസ് ലഭിക്കുക. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾക്കായി സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിനും സ്ഥിരമായ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിമാസം പരമാവധി 50 പൗണ്ട് വരെ പദ്ധതിയിൽ നിക്ഷേപിക്കാം. നാല് വർഷത്തിനിടെ പരമാവധി 2400 പൗണ്ട് നിക്ഷേപിച്ചാൽ 1200 പൗണ്ട് വരെ ബോണസായി ലഭിക്കും. രണ്ടാം വർഷത്തിന്റെ അവസാനത്തിലും നാലാം വർഷത്തിന്റെ അവസാനത്തിലും നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നൽകുന്നത്. 2028 മുതൽ യൂണിവേഴ്സൽ ക്രെഡിറ്റ് ലഭിക്കുന്ന മാതാപിതാക്കൾക്കും പരിചരിക്കുന്നവർക്കും പദ്ധതി വ്യാപിപ്പിക്കും.

പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. 2018 സെപ്റ്റംബർ മുതൽ 6,56,700 ഹെൽപ് ടു സേവ് അക്കൗണ്ടുകളാണ് തുറന്നത്. ഇതിലൂടെ 676 മില്യൻ പൗണ്ട് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് തുറന്നവരിൽ 94 ശതമാനം പേരും പ്രതിമാസം പരമാവധി 50 പൗണ്ട് വീതം നിക്ഷേപിക്കുന്നതായാണ് കണക്ക്. സെപ്റ്റംബർ 27 വരെ നടക്കുന്ന യു.കെ. സേവിങ്സ് വീക്കിന്റെ ഭാഗമായി കൂടുതൽ പേർ പദ്ധതിയിൽ ചേരണമെന്ന് ട്രഷറി സാമ്പത്തിക സെക്രട്ടറി ലൂസി റിഗ്ബിയും ആവശ്യപ്പെട്ടു.