ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോമിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് എത്തിയിരുന്ന ബ്രിട്ടീഷ് എയർവേയ്സ് എയർബസ് എ320 വിമാനത്തിന് ലാൻഡിങ്ങിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ചു. ബിഎ547 വിമാനത്തിലെ ജീവനക്കാർ ലാൻഡിങ് ഗിയറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിലെ പ്രശ്നം കണ്ടെത്തിയത് വിമാനം നിലത്തുനിന്ന് വെറും 450 അടി ഉയരത്തിൽ എത്തിയപ്പോഴായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് ലാൻഡിങ് റദ്ദാക്കി വിമാനം വീണ്ടും ഉയർത്തി ‘ഗോ-അറൗണ്ട്’ നടപടിയിലേക്ക് കടന്നു. ഏകദേശം 3,700 അടി ഉയരത്തിലെത്തി 20 മിനിറ്റോളം ആകാശത്ത് ചുറ്റിക്കറങ്ങിയ ശേഷമാണ് ജീവനക്കാർ അടിയന്തിര പരിശോധനകളും സുരക്ഷാ നടപടികളും പൂർത്തിയാക്കിയത്. ഇതിനിടെ അടിയന്തിര സാഹചര്യം സൂചിപ്പിക്കുന്ന അന്താരാഷ്ട്ര ‘സ്ക്വാക് 7700’ കോഡും പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിന് കൈമാറി.

ശേഷം രണ്ടാം ശ്രമത്തിൽ വിമാനം സുരക്ഷിതമായി ഹീത്രൂവിൽ ഇറക്കി. ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട തകരാറായതിനാൽ അഗ്നിശമന-രക്ഷാസേനയും റൺവേയിലേക്ക് എത്തി. സംഭവത്തെ തുടർന്ന് ഹീത്രൂവിലെ രണ്ട് റൺവേകളിൽ ഒന്നിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. പരിശോധനകൾക്ക് ശേഷം വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.