തോമസ് പുത്തിരി

പുതുതായി അധികാരം ഏറ്റെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്‌റ്റാർമർ രൂപീകരിച്ച ക്യാബിനറ്റ് മന്ത്രിമാർ ഓരോരുത്തർ ആയി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് ആദ്യത്തെ മന്ത്രിസഭാ യോഗത്തിനായി വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ അവലോകനം എഴുതിക്കൊണ്ടിക്കുന്നത്.

അധികാരത്തിൽ ഏറി ആദ്യ 100 ദിവസത്തിനുള്ളിൽ തന്നെ കാര്യമായ മാറ്റങ്ങൾക്കുള്ള പോളിസികൾ പ്രഖ്യാപിച്ചു ബ്രിട്ടനിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരും ആദ്യത്തെ ക്യാബിനറ്റ് യോഗത്തെ നോക്കികാണുന്നത്.

ജെറെമി കോർബിന് ശേഷം ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട കീർ സ്‌റ്റാർമർ തുടക്കത്തിൽ കോർബിൻ ഉയർത്തിക്കൊണ്ടുവന്ന സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഓരോ ദിവസം കഴിയുംതോറും വാഗ്‌ദാനങ്ങൾ ഒന്നൊന്നായി പിൻവലിച്ചു സോഷ്യലിസ്റ്റും ലേബർ പാർട്ടി ലീഡറും ആയിരുന്ന ജെറെമി കോർബിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇടതുപക്ഷ നയങ്ങളിൽ ഊന്നിയ ലേബർ പാർട്ടിയെ പതുക്കെ പതുക്കെ വലുതുപക്ഷത്തേക്കു മാറ്റി.

ലേബർ പാർട്ടിയുടെ വലതുപക്ഷത്തേക്കുള്ള നീക്കത്തെ തുടർന്ന് നിരവധി പേർ പാർട്ടി വിട്ടു, മൊത്തം അംഗങ്ങളിൽ 30% അധികം പാർട്ടി വിട്ടുപോയി. ലേബർ പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമുള്ള ട്രേഡ് യൂണിയകൾ എല്ലാം തന്നെ ലേബർ പാർട്ടിയുടെ ഈ നീക്കത്തെ സജീവമായി എതിർത്തു, തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ മാത്രം ആണ് യൂണിയനുകളുമായുള്ള തർക്കത്തിൽ ഒരു സമവായത്തിൽ എത്താൻ കഴിഞ്ഞത് .

തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കീർ സ്‌റ്റാർമർ ട്രേഡ് യൂണിയൻ നേതാക്കളമായി നടത്തിയ കൂടിക്കാഴചയിൽ ഒരു പൊതു മിനിമം പരിപാടി അംഗീകരിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനമായത് തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിനത്തിൽ തന്നെ 100% സംരക്ഷണം ലഭിക്കുമെന്ന നയമാണ്. നിലവിൽ ജോലിക്കു കേറി 2 വർഷം കഴിയുമ്പോൾ മാത്രം ആണ് എല്ലാ നിയമങ്ങളുടെയും സംരക്ഷണം ലഭിക്കുന്നത്. ഉദാഹരണത്തിന് ട്രേഡ് യൂണിയൻ രംഗത്തു പ്രവർത്തിക്കുന്നവരെ മനപ്പൂർവം കേസിൽ കുടുക്കി പുറത്താക്കിയാൽ എംപ്ലായ്മെന്റ് ട്രിബൂണലിൽ പോകണമെങ്കിൽ ചുരുങ്ങിയത് 2 വർഷത്തെ സർവീസ് എങ്കിലും ഉണ്ടായിരിക്കണം. അത് ആദ്യം ദിനം മുതൽ തന്നെ സംരക്ഷിക്കപ്പെടും എന്നാണു യൂണിയനുകളുമായുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുള്ളത്.

അതുപോലെ തന്നെ സീറോ ഹവർ കോണ്ട്രാക്ട് റദ്ദ് ചെയ്തു – നീണ്ടകാലം സേവനമുള്ള ജീവനക്കാരെ പിരിച്ചുവിട്ടു അവരെ വീണ്ടും കുറഞ്ഞ വേതനത്തിൽ ജോലിക്കു വയ്ക്കുന്ന-‘ഫയർ ആൻഡ് ഹയർ’ രീതിക്കും അന്ത്യം കുറയ്ക്കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾ ഒക്കെ നടപ്പിലാക്കുമോ എന്നുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആദ്യത്തെ ക്യാമ്പിനറ്റിന്റെ മന്ത്രിസഭാ യോഗം നടക്കുന്നത്.

ലേബർ പാർട്ടി ചരിത്രവിജയം നേടി എന്ന് പറയുമ്പോഴും യഥാർത്ഥ വസ്തുത പാർലമെന്റ് അംഗങ്ങളുടെ (എം പി ) എണ്ണത്തിൽ മാത്രമേ വർദ്ധനവ് ഉണ്ടായിട്ടുള്ളൂ. മൊത്തം വോട്ടുകളുടെ വെറും 34% മാത്രമാന് ലേബർ പാർട്ടിയുടെ വോട്ടു വിഹിതം. അതിനർത്ഥം വോട്ടു ചെയ്ത മൂന്നിൽ രണ്ടുപേരും ലേബർ പാർട്ടിക്കും പുതിയ പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നയങ്ങൾക്കും എതിരായി വോട്ട് ചെയ്തു എന്നാണ്. 34% വോട്ടിൽ ആകെയുള്ള 650 സീറ്റിൽ 412 സീറ്റോടെ 63% മണ്ഡലങ്ങളിലും വിജയം നേടാൻ കഴിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത.

ഇതിന്റെ കാരണം തീവ്ര വലതുപക്ഷ സ്വാഭാവമുള്ള റീഫോം പാർട്ടിയുടെ വരവാണ്. യൂറോപ്യൻ യൂണിയനെ എതിരെ നിലകൊണ്ടു ബ്രെക്സിറ് പാർട്ടിയായി ശക്തി പ്രാപിച്ചു ബ്രെക്സിറ് നേടിയതോടെ ഈ പാർട്ടി റീഫോം എന്ന് നാമകരണം ചെയ്ത് തീവ്ര വലതുപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കഴിഞ്ഞ രണ്ടു തവണയും പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കുടിയേറ്റവും ആ വിഷയത്തിൽ ഊന്നിയുള്ള ബ്രെക്സിറ്റും ആയിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും സ്വാതന്ത്രമാകുന്ന ബ്രെക്സിറ് നടപ്പാക്കി, രാജ്യത്തെ തൊഴിൽ ഇല്ലായമക്കു അന്ത്യം കുറിക്കും, യൂറോപ്യൻ യൂണിയൻ അംഗംരാജ്യമെന്ന നിലയിൽ ബ്രിട്ടൻ കൊണ്ടുക്കേണ്ടി വരുന്ന പണം ഉപയോഗിച്ചു ബ്രിട്ടനിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും, കുടിയേറ്റം കർശനമായി നിയന്ത്രിക്കും ഇങ്ങനെ 3 പ്രധാന മുദ്രാവാക്യങ്ങൾ മുൻനിർത്തി ആയിരുന്നു കൺസർവേറ്റീവ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈ പ്രചാരണം ലേബർ പാർട്ടിയിലെ പോലും നല്ലൊരു വിഭാഗം ഏറ്റെടുക്കുകയും കൺസർവേറ്റീവ് പാർട്ടിക്കു വോട്ടു ചെയ്യുകയും ചെയ്‌തു. മാത്രവും അല്ല തീവ്ര വലതുപക്ഷ പാർട്ടിയായ യുകിപ് (നിലവിലെ റീഫോം പാർട്ടി) യുമായി ധാരണയിൽ എത്തി കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നതിനിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാനും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനു കഴിഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ 2 തവണയും കൺസർവേറ്റീവ് അധികാരത്തിൽ എത്തിയത്.

എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ, പല നേതാക്കളും റീഫോം പാർട്ടിയുമായി ധാരണയിൽ എത്താൻ ആവശ്യപ്പെട്ടുവെങ്കിലും ഋഷി സുനാക് അതിനു വഴങ്ങിയില്ല. ഇതേ തുടർന്ന് തീവ്ര ദേശീയത ഉയർത്തിപ്പിടിച്ചു എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു റീഫോം പാർട്ടി കോൺസെർവറ്റിവ് പാർട്ടിക്കെതിരെ ശക്തമായി മത്സരിച്ചു.

ബ്രെക്സിറ്റിന്റെ പേരിൽ 2 തവണ ഭരണം പൂർത്തിയാക്കി കഴിയുമ്പോൾ തങ്ങൾ നടത്തിയ വാഗ്‌ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളിലും വളരെ അധികം തകർച്ച നേരിടുകയും ചെയ്‌തു. വാർഷിക കുടിയേറ്റം രണ്ടര ലക്ഷത്തിൽ ഏഴു ലക്ഷമായി വർധിച്ചു. ഹോസ്പിറ്റലിൽ പല തരത്തിലുള്ള സർജറി, മറ്റു അപ്പോയ്ന്റ്മെന്റ് കൾ ഒക്കെ ആയി വെയിറ്റ് ചെയ്യുന്നവരുടെ എണ്ണം 7 മില്യൺ എത്തി, അതായത് 70 ലക്ഷം . ഇതിൽ അത്യാവശ്യം വേണ്ടുന്ന സര്ജറിക്ക് പോലും ഒരു വർഷത്തിൽ അധികം ആയി വെയിറ്റ് ചെയ്യുന്നവർ ഉണ്ട്.

ഇത്തരം അവസ്ഥയാണ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൺസർവേറ്റീവ് ഭരണത്തിൽ സംഭവിച്ചത്. ഗ്യാസ് ഇലക്ട്രിക് വിലകൾ കുത്തനെ കൂട്ടി സ്വകാര്യ കമ്പനികളെ ലാഭം ഇരട്ടിയാക്കാൻ സഹായിക്കുക വഴി രാജ്യത്തു വിളിക്കയറ്റവും, കേന്ദ്രീയ ബാങ്ക് ആയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത് വഴി ബാങ്ക് ലോൺ എടുത്തു വീട് വാങ്ങാനും പറ്റാത്ത സാഹചര്യവും ഉരുത്തിരിഞ്ഞു. വീടുകളുടെ ലോൺ പലിശയും തിരിച്ചടവും താങ്ങാൻ പറ്റാത്ത വിധം ഉയർന്നു. സാധാരണക്കാർക്ക് ഒരിക്കലും വാങ്ങാൻ കഴിയാത്ത വിധത്തിൽ വീട് വിലയും വീടുകളുടെ വാടകയും ഉയർന്നു.

വിലക്കയറ്റത്തിൽ ദുസ്സഹമായ ജനജീവിതത്തിൽ ഊന്നിയ ശക്തമായ ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് തീവ്ര വലതുപക്ഷ പാർട്ടിയായ റീഫോം പാർട്ടിയാണ്. കോൺസെർവേറ്റിവ് പാർട്ടിയിലെ നല്ലൊരു വിഭാഗത്തെ തങ്ങളോടൊപ്പം ചേർത്തു വലതുപക്ഷ വോട്ടുകൾ വിഭജിക്കുവാൻ അവർക്കു കഴിഞ്ഞു.. കോൺസെർവറ്റിവ് പാർട്ടിയുടെ വോട്ടു വിഹിതം 44% നിന്ന് 20% കുറഞ്ഞു 24% ആയി