ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്.

കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയില്‍ എത്തിയിരുന്നു.

2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനല്‍നടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികള്‍ രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്നുമുതല്‍ 15 വരെ പ്രതികള്‍.

ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കൊലപാതകക്കുറ്റം കൂടാതെ, പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട മറ്റു കുറ്റകൃത്യങ്ങള്‍ ഇങ്ങനെ: മാരകായുധങ്ങളുമായിവീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 449 വകുപ്പുപ്രകാരം കുറ്റക്കാരാണ്. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കടന്നതിന് ഒന്‍പതുമുതല്‍ 12 വരെ പ്രതികള്‍ 447 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.

വീട്ടില്‍ നാശനഷ്ടമുണ്ടാക്കിയതിന് ഒന്ന്, അഞ്ച്, ഒന്‍പത്, 11, 12 പ്രതികള്‍ 427 വകുപ്പുപ്രകാരവും ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ 506(2) വകുപ്പുപ്രകാരവും രഞ്ജിത്തിന്റെ അമ്മയെ വാളുപയോഗിച്ച് ആക്രമിച്ചതിന് എട്ടാംപ്രതി 324 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.

കുടുംബാംഗങ്ങളെ ഉപദ്രവിച്ച കുറ്റത്തിന് രണ്ട്, ഏഴ്, എട്ട് പ്രതികള്‍ 323 വകുപ്പുപ്രകാരവും അന്യായ തടസ്സമുണ്ടാക്കിയതിന് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ 341 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.

തെളിവുനശിപ്പിച്ച കുറ്റത്തിന് ഒന്നുമുതല്‍ ഒന്‍പതുവരെ പ്രതികളും 13, 15 പ്രതികളും 201 വകുപ്പുപ്രകാരവും കുറ്റംചെയ്തതായി കോടതി കണ്ടെത്തി.

ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൃത്യത്തില്‍ നേരിട്ടു പങ്കാളികളാണ്. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. മാരകായുധങ്ങളുമായി രഞ്ജിത്തിന്റെ വീടിനുമുന്നില്‍ കാവല്‍നിന്ന ഒന്‍പതു മുതല്‍ 12 വരെയുള്ള പ്രതികളുടെ ലക്ഷ്യം രഞ്ജിത്ത് രക്ഷപ്പെടാതിരിക്കലായിരുന്നു. ഐ.പി.സി. 149-ാം വകുപ്പുപ്രകാരം ഇവര്‍ക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഗൂഢാലോചനയ്ക്ക് നേതൃത്വംനല്‍കിയ 13 മുതല്‍ 15 വരെയുള്ള പ്രതികളും കൊലപാതകക്കുറ്റത്തിനു ശിക്ഷാര്‍ഹരാണ്.